അഞ്ചു മക്കളും അമ്മയും, 'എറ്റേണൽസ് ' പ്രീമിയറിന് കുടുംബസമേതം അഞ്ജലീന ജോളി
തന്റെ പുതിയ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് ഹോളിവുഡ് താരം അഞ്ജലീന ജോളി എത്തിയത് മക്കളായ കുട്ടിപ്പട്ടാളത്തിനൊപ്പം. ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാർവൽ സ്റ്റുഡിയോസിന്റെ 'എറ്റേണൽസ് ' പ്രീമിയർ കാണാനാണ് അഞ്ചു മക്കളെയും കൂട്ടി താരം എത്തിയത്.
ഇരുപതുകാരനായ മാഡക്സ്, പതിമൂന്നുകാരി വിവിയൻ, അതേ പ്രായമുള്ള നോക്സ്, പതിനഞ്ചുകാരി ഷൈലോ, പതിനാറുകാരി സഹാറ എന്നിവരാണ് അമ്മയുടെ അമാനുഷ കഥാപാത്രത്തെ ആദ്യം കാണാനുളള ആവേശത്തോടെ എത്തിയത്. പാക്സ് എന്ന് പേരുള്ള മറ്റൊരു മകൻ കൂടി ജോളിക്കുണ്ട്. ബ്രൗൺ നിറത്തിലുള്ള സ്ട്രാപ് ലെസ് ഗൗണാണ് അഞ്ജലീന അണിഞ്ഞിരുന്നത്. ബ്ലാക്ക് സ്യൂട്ടിൽ മാഡക്സ് തിളങ്ങിയപ്പോൾ, സഹാറയുടേത് ഷിമ്മറി സിൽവർ ഗൗണായിരുന്നു. കറുപ്പും പച്ചയും ഗൗണിൽ നോക്സും ക്രീം കളർ ഉടുപ്പിൽ വിവിയനും തിളങ്ങി. ബെയ്ജ് ഔട്ട് ഫിറ്റായിരുന്നു ഷൈലോയുടേത്. വിവാഹ മോചിതരായ അഞ്ജലീന ജോളി-ബ്രാഡ് പിറ്റ് ദമ്പതികളുടെ ആറ് മക്കളിൽ മൂന്നുപേരെ കമ്പോഡിയ, എത്യോപിയ, വിയറ്റ്നാം എന്നിവിടങ്ങളിലെ അനാഥാലയങ്ങളിൽ നിന്ന് ദത്തെടുത്തതാണ്.
ക്ലോയി ഷാവോ സംവിധാനം ചെയ്ത എറ്റേണൽസിൽ ഒരു അതിമാനുഷ കഥാപാത്രത്തെയാണ് അഞ്ജലീന ജോളി അവതരിപ്പിക്കുന്നത്. ഗമ്മ ചാൻ, റിച്ചാർഡ് മാഡൻ, കുമെയ്ൽ നഞ്ചിയാനി, ബ്രയാൻ ടൈറി ഹെൻറി, ലോറൻ റിഡ് ലോഫ്, ഡോൺ ലീ, കിറ്റ് ഹാരിങ്ടൺ, സൽമ ഹായെക് തുടങ്ങി സമ്പന്നമായ താരനിരയിൽ ഇന്ത്യക്കാരനായ ഹരീഷ് പട്ടേലും ഉണ്ട്. 200 മില്യൺ ഡോളറാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. നവംബർ 5-നാണ് അമേരിക്കയിൽ ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യയിലെ പ്രദർശന തീയതി അറിവായിട്ടില്ല.