അനിത നേരത്തേ പറഞ്ഞു, കേരളം ഞെട്ടാൻ തുടങ്ങിയത് മാസങ്ങൾ കഴിഞ്ഞ്; ഭൂലോക ഫ്രോഡ് മോൺസണെപ്പറ്റി സൂചനകളുമായി ആഗസ്റ്റ് 4 ലെ ഫേസ്ബുക്ക് പോസ്റ്റ്
മോശയുടെ അംശവടിയും യൂദാസിൻ്റെ വെള്ളിക്കാശും ടിപ്പു സുൽത്താൻ്റെ സിംഹാസനവുമെല്ലാം കാണിച്ച് മലയാളിയെ ആവോളം കുരങ്ങു കളിപ്പിച്ച മോൺസൺ മാവുങ്കൽ എന്ന ഭൂലോക ഫ്രോഡിനെപ്പറ്റി മലയാളി കേട്ടുതുടങ്ങിയത് സെപ്റ്റംബർ 26 ന് അയാൾ കേരള പൊലീസിൻ്റെ പിടിയിലാവുന്നതോടെയാണ്. പിന്നീട് ഈ നിമിഷംവരെ കേരളം നിർത്താതെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് തട്ടിപ്പിൻ്റെ ലോകത്തെ കണ്ണു തള്ളിപ്പിക്കുന്ന മോൺസൺ കഥകൾ.
രാഷ്ട്രീയക്കാരും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും സിനിമാ താരങ്ങളുമെല്ലാം കഥാപാത്രങ്ങളാകുന്ന ഈ തട്ടുപൊളിപ്പൻ ത്രില്ലർ ആക്ഷൻ കോമഡി സീരീസിൻ്റെ ഓരോ എപ്പിസോഡും കൗതുകകരമായി മുന്നേറുകയാണ്. ട്രാജഡിയായാണോ കോമഡിയായാണോ മോൺസൺ കഥകൾ കമ്പോളത്തിൽ വിറ്റഴിക്കപ്പെടുന്നത് എന്ന സംശയം മാത്രം ബാക്കി. ഏതു ട്രാജഡിയും ഒരു കോമഡിയാണെന്നോ ഏതു കോമഡിയും ഒരു ട്രാജഡിയാണെന്നോ സിദ്ധാന്തങ്ങൾ ചമയ്ക്കാൻ തരത്തിൽ മോൺസൺ കഥകൾ മാധ്യമലോകത്ത് ഒരു പുതിയ ഴോണർ തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്.
മോൺസൺ എന്ന ഈ ഭൂലോക ഫ്രോഡിനെപ്പറ്റി ആദ്യ സൂചനകൾ തന്ന ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
മോൺസൻ്റെ തട്ടിപ്പ് അനിത നേരത്തേ തിരിച്ചറിഞ്ഞിരുന്നു. പ്രവാസി മലയാളി ഫെഡറേഷൻ്റെ ഗ്ലോബൽ കോ-ഓർഡിനേറ്റർ കൂടിയായ അനിത പുല്ലയിൽ ഇതേപ്പറ്റി സൂചനകൾ നൽകുന്ന ഫേസ്ബുക്ക് പോസ്റ്റ്പ്രസിദ്ധീകരിക്കുന്നത് ആഗസ്റ്റ് 4 നാണ്. സരിതയെയും സ്വപ്നയെയും തട്ടിപ്പിൻ്റെ പര്യായങ്ങളായി വിശേഷിപ്പിച്ചു പോന്ന ശരാശരി മലയാളി അപ്പോഴും മോൺസൺ എന്ന പേര് കേട്ടിരുന്നില്ല. പിന്നീട് ആഴ്ചകൾ കഴിഞ്ഞാണ് കേരളം അയാളെപ്പറ്റി ചർച്ച ചെയ്തു തുടങ്ങുന്നത്.
അനിതയുടെ പോസ്റ്റിൽ മോൺസൺ എന്ന പേര് വെളിപ്പെടുത്തുന്നില്ല. എന്നാൽ അയാൾ നടത്തിയ തട്ടിപ്പിനെപ്പറ്റി സൂചനകൾ നൽകുന്നുണ്ട്. ചതിയെയും വഞ്ചനയെയും പറ്റി വിവരിക്കുന്നുണ്ട്. ചതിക്കും വഞ്ചനയ്ക്കും കൂട്ടു നില്ക്കാനാവില്ലെന്നും പ്രതികരിക്കുമെന്നും തറപ്പിച്ച് പറയുന്നുണ്ട്. ജീവിതത്തിൽ പല തരക്കാരായ മനുഷ്യരെ കണ്ടുമുട്ടുമെന്നും നല്ലതും ചീത്തയും തിരിച്ചറിയാൻ പലപ്പോഴും വൈകുമെന്നും അനിത പറയുന്നു.
നിഷ്കളങ്കത കൂടുതലുള്ളവർക്കാണ് പൊള്ളവാക്കുകൾ പറയുന്നവരെ തിരിച്ചറിയാൻ കഴിയാത്തത്. തിരിച്ചറിവ് വലിയ പാഠമാണ്. ഉയർത്തെഴുന്നേല്പാണ് പ്രധാനം. നുണ പറയുന്നതും ഒറ്റപ്പെടുത്തുന്നതും അപവാദങ്ങൾ പറഞ്ഞുണ്ടാക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ചതിയൻ്റെ ആയുധമാണെന്ന് അനിത ഈ പോസ്റ്റിൽ പറഞ്ഞുവെയ്ക്കുന്നുണ്ട്. പണിയെടുക്കാതെയും പറ്റിച്ചും ഭോഗിച്ചും ജീവിക്കുന്നവരാണ് അത്തരക്കാർ.
പാഴ്ജന്മമാവാതെ നോക്കണമെന്നും ശക്തമായി പ്രതികരിക്കണമെന്നും എതിർക്കേണ്ടതിനെ എതിർക്കണമെന്നും അവർ ആഗസ്റ്റ് 4 ലെ പോസ്റ്റിൽ എടുത്ത് പറയുന്നു. ഞങ്ങൾക്ക് പറ്റിയത് പറ്റി, ഇനിയാരെയും പറ്റിക്കാതിരിക്കാൻ എന്തു ചെയ്യണം എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണിത്. കള്ളനും ചതിയനും രാജാവോ ചക്രവർത്തിയോ അല്ലെന്നും കൃമികിടത്തിൻ്റെ വില പോലും അവർക്കില്ലെന്നും പറയുന്ന അനിത സത്യസന്ധതയും ആത്മാർഥതയും ചൂഷണം ചെയ്തവർക്കെതിരെ ശക്തമായി പ്രതികരിക്കും എന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. കബളിപ്പിക്കപ്പെട്ടവർക്കും വഞ്ചിക്കപ്പെട്ടവർക്കും ഞങ്ങളിനി എന്തു ചെയ്യണമെന്ന് ചോദിക്കുന്നവർക്കുമുള്ള മറുപടി തൻ്റെ പോസ്റ്റിലുണ്ട് എന്ന വാക്കുകളോടെയാണ് അനിത പുല്ലയിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
എന്തായാലും ഈ പോസ്റ്റ് പബ്ലിഷ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോൾ കേരളം മുഴുവൻ ചർച്ച ചെയ്യുന്നത് അനിത സൂചനകളിലൂടെ വിരൽ ചൂണ്ടിയ തട്ടിപ്പുകാരനെ പറ്റിയാണ്. മോൺസൺ മാവുങ്കൽ എന്ന കേരളം കണ്ട എക്കാലത്തേയും വലിയ ആ തട്ടിപ്പുകാരൻ്റെ കഥ ഓരോ എപ്പിസോഡും പിന്നിടുന്തോറും ചിരിക്കണോ കരയണോ എന്നറിയാതെ അന്തം വിട്ടു നില്ക്കുകയാണ് മലയാളി. പ്രബുദ്ധതയുടെ എല്ലാ നാട്യങ്ങളും അടപടലം അഴിഞ്ഞു വീഴുകയാണ്. ശാസ്ത്രബോധം പോവട്ടെ, കോമൺ സെൻസ് പോലുമില്ലാത്ത വിദ്യാസമ്പന്നനായ മലയാളിയെ കണ്ട് ലോകം മൂക്കത്ത് വിരൽ വെയ്ക്കുകയാണ്.
മോൺസൺ മാവുങ്കൽ എന്ന കുപ്രസിദ്ധ പുരാവസ്തു വില്പനക്കാരൻ വാർത്താ ലോകത്തെ ട്രെൻഡിങ്ങ് താരമായി മാറിയിരിക്കുന്നു. ഒരു ഒന്നൊന്നര താരം. കിരീടവും അംശവടിയും സിംഹാസനവും സ്വന്തമായുള്ള തട്ടിപ്പിൻ്റെ ലോകത്തെ രാജകുമാരൻ. ഷമ്മി ഹീറോയാടാ, ഹീറോ...എന്ന മാസ് ഡയലോഗിനു പിന്നാലെ മോൺസണാടാ ഹീറോ എന്ന് മലയാളി പറയാതെ പറയുന്നുണ്ട്. മലയാളി അതിൻ്റെ യഥാർഥ ഹീറോയെ കണ്ടെത്തിയിരിക്കുന്നു. മാളിക മുകളേറിയ പ്രബുദ്ധതാ നാട്യങ്ങളുടെ തോളിലാണ് മണ്ടത്തരങ്ങളുടെയും മാനഹാനികളുടെയും മുഷിഞ്ഞുനാറിയ മാറാപ്പുകൾ ഓരോന്നോരോന്നായി ഈ ആൻ്റി ഹീറോ വാരിവലിച്ചിടുന്നത്.