രണ്ടാഴ്ച കൂടിയേ ആൻ ജീവിക്കൂ എന്ന് ഡോക്ടർമാർ വിധിയെഴുതി, ഉടനടി ആനിന്റെ യും കീത്തിന്റെയും വിവാഹം നടത്തി സ്നേഹിതർ
തലച്ചോറിലും ശ്വാസകോശത്തിലും അർബുദം ബാധിച്ച് ജീവിതം ഇനി രണ്ടാഴ്ച കൂടിയേ അവശേഷിക്കൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ 56 കാരിയായ ആൻ റുഡോക്ക് തളർന്നില്ല. വിധിയെ പഴിച്ചും ശപിച്ചും കണ്ണീർ പൊഴിച്ചും അവസാന മണിക്കൂറുകൾ ചെലവഴിച്ചില്ല. മറിച്ച് ദീർഘകാലമായി തന്റെ ജീവിത പങ്കാളിയായ കീത്തിനെ എത്രയും വേഗം വിവാഹം കഴിക്കണമെന്ന ആഗ്രഹം സുഹൃത്തുക്കളുമായി പങ്കുവെച്ചു. 48 മണിക്കൂറിനുള്ളിൽ ആനിന്റെ ആഗ്രഹം നിറവേറി. കീത്ത് പിയേഴ്സ് എന്ന പ്രിയതമൻ ആൻ റുഡോക്കിന്റെ കഴുത്തിൽ മിന്നുകെട്ടി. അവിശ്വസനീയമായ ഒരു ജീവിത കഥയിലെ നായികാ നായകന്മാരാവുകയാണ് ആനും ഭർത്താവ് കീത്തും.
ഇംഗ്ലണ്ടിലെ നോൺ മെട്രോപൊളിറ്റൻ കൗണ്ടിയായ സ്റ്റഫോർഡ് ഷെയറിലാണ്ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്ന അത്യപൂർവമായ വിവാഹം അരങ്ങേറിയത്. കഴിഞ്ഞ മാസമാണ് ആനിന് അർബുദമാണെന്ന വിവരം ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. നാലോ കൂടി വന്നാൽ ആറോ മാസം മാത്രമാണ് ജീവിക്കുകയെന്നും അവർ അറിയിച്ചു. എന്നാൽ കഴിഞ്ഞയാഴ്ചയിലെ പരിശോധനകൾ ആയുസ്സിന്റെ പുസ്തകത്തിലെ പേജുകൾ ഒന്നുകൂടി വെട്ടിക്കുറച്ചു. രണ്ടാഴ്ച മാത്രമാണ് ആനിന് ഇനിയുള്ളതെന്ന് ഡോക്ടർമാർ സങ്കടത്തോടെ അറിയിച്ചു.
അതോടെയാണ് 10 വർഷമായി തനിക്കൊപ്പം കഴിയുന്ന കീത്ത് പിയേഴ്സിനെ വിവാഹം കഴിച്ചുമതി മരണത്തിലേക്കുള്ള തന്റെ യാത്രയെന്ന് ആൻ തീരുമാനിച്ചത്. ചികിത്സയിൽ കഴിയുന്ന ഡഗ്ലസ് മാക്മില്ലൻ ഹോസ്പൈസിലെ ജീവനക്കാരോടാണ് ആൻ തന്റെ അവസാനത്തെ ആഗ്രഹം വെളിപ്പെടുത്തിയത്. പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു. ഡഗ്ഗി മാക്കിലെ ജീവനക്കാർക്കൊപ്പം, അത്യാസന്ന നിലയിൽ കഴിയുന്നവരുടെ വിവാഹം നടത്തിക്കൊടുക്കുന്ന ലീക്ക് വെഡ്ഡിങ്ങ്സിലെ എമ്മ വൈസ് ലിയും ഒത്തുകൂടി. സോഷ്യൽ മീഡിയയിലൂടെ അഭ്യർഥന നടത്തുകയാണ് ആദ്യം ചെയ്തത്. അതിവേഗത്തിലാണ് കാര്യങ്ങൾ പുരോഗമിച്ചത്. വിവാഹത്തിനുള്ള വസ്ത്രങ്ങൾ, പൂക്കൾ, ഹെയർ ആന്റ് മേക്കപ്പ്, കാറ്ററിങ്ങ്, ഡ്രിങ്ക്സ്, കേക്ക് എല്ലാം ഞൊടിയിടയിൽ തയ്യാറായി. ബ്ലർടണിലുള്ള വീട് വിവാഹവേദിയായി. കീത്ത് ആനിന്റെ കഴുത്തിൽ മിന്നുകെട്ടി. അവസാന മണിക്കൂറുകളിൽ ചുറ്റുമുള്ളവരെല്ലാം ആനിനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയാണ്.