നാസി കൂട്ടക്കൊലയെ അതിജീവിച്ച ആൻ ഫ്രാങ്കിന്റെ കൂട്ടുകാരി ഹന്ന ഗോസ്‌ലർ അന്തരിച്ചു

ഹേഗ് (നെതർലൻഡ്‌സ്): രണ്ടാം ലോകമഹായുദ്ധകാലത്ത് ബെർഗൻ-ബെൽസൺ നാസി കോൺസെൻട്രേഷൻ തടവിലാക്കപ്പെട്ട ആൻ ഫ്രാങ്കിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ഹന്ന ഗോസ്‌ലർ (93) അന്തരിച്ചു. 1928ലാണ് ഹന്ന ഗോസ്‌ലർ ജനിച്ചത്. ഗോസ്‌ലറുടെ കുടുംബം 1933ൽ നാസി ജർമ്മനിയിൽ നിന്ന് പലായനം ചെയ്ത് ആംസ്റ്റർഡാമിൽ താമസമാക്കി. സ്കൂളിൽ വച്ചാണ് ഗോസ്‌ലർ ആൻ ഫ്രാങ്കിനെ പരിചയപ്പെടുന്നത്. 1942-ൽ നാസികളിൽ നിന്ന് രക്ഷപ്പെടാൻ ഫ്രാങ്ക് കുടുംബം ഒളിവിൽ പോയപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം നഷ്ടമായി. 1943-ൽ ഗെസ്റ്റപ്പോ അറസ്റ്റ് ചെയ്ത ഗോസ്‌ലറെയും കുടുംബത്തെയും അടുത്ത വർഷം ബെർഗൻ-ബെൽസണിലേക്ക് നാടുകടത്തി. 1945 ഫെബ്രുവരിയിൽ കോൺസൻട്രേഷൻ ക്യാമ്പിൽ ആൻ മരിക്കുന്നതിന് തൊട്ടുമുമ്പ് ഗോസ്‌ലർ ആൻ ഫ്രാങ്കിനെ വീണ്ടും കണ്ടുമുട്ടി. ഗോസ്‌ലറും സഹോദരി ഗാബിയും മാത്രമാണ് അവരുടെ കുടുംബത്തിൽ കോൺസൻട്രേഷൻ ക്യാമ്പിലെ പീഡനത്തെ അതിജീവിച്ചത്. ഗോസ്‌ലർ പിന്നീട് ജറുസലേമിലേക്ക് കുടിയേറി. അവിടെ വച്ചാണ് ഗോസ്‌ലർ വാൾട്ടർ പിക്കിനെ വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് മൂന്ന് മക്കളും 11 പേരക്കുട്ടികളും 31 പ്രപൌത്രരും ഉണ്ടായിരുന്നു. 

Related Posts