പത്തൊമ്പതാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക്, 12 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കല എസ് ഐ.

വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന വേളയില്‍ നാരങ്ങാ വെള്ളവും ഐസ്‌ക്രീമും വിറ്റിരുന്ന ആനി ശിവ ഇന്ന് അതേ സ്ഥലത്ത്‌ സബ് ഇൻസ്‌പെക്ടർ ആണ്.

തിരുവനന്തപുരം:


‘‘എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു.’’ സ്വന്തം ജീവിതത്തെക്കുറിച്ച് ആനി ശിവ ഫെയ്‌സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

പത്തൊമ്പതാം വയസ്സില്‍ ഭർത്താവിനാലും ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട് പിഞ്ചു കുഞ്ഞിനെയും മാറോട് ചേര്‍ത്തുപിടിച്ച് വീടുവിട്ടിറങ്ങിയ ഒരു പെൺകുട്ടി 12 വര്‍ഷങ്ങള്‍ക്കിപ്പുറം സബ് ഇന്‍സ്‌പെക്ടറായി കാക്കിയണിഞ്ഞു നമുക്കിടയിലുണ്ട്. ജീവിതം തിരികെ പിടിച്ച് പൊലീസ് കുപ്പായത്തിലെത്തിയ വർക്കല പൊലീസ് സ്റ്റേഷൻ എസ് ഐ ആനി ശിവയുടെ പോരാട്ട കഥ. സാഹചര്യങ്ങള്‍ അനുവദിച്ചാല്‍ ഐ പി എസ് എന്ന ലക്ഷ്യത്തിലേക്ക് നടന്ന് കയറാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനി ആനി എസ് പി എന്ന 31കാരി.

പതിനെട്ടാം വയസില്‍ കാഞ്ഞിരംകുളം കെ എൻ എം ഗവ കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ വീട്ടുകാരുടെ ഇഷ്ടത്തെ എതിർത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സ്വന്തം ഇഷ്ടപ്രകാരം പോയത് കൊണ്ട് അതോടെ അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഡിഗ്രി മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ആനി എട്ടു മാസം പ്രായമായ മോനെയും കൊണ്ട് എങ്ങോട്ട് പോകണം എന്നറിയാതെ പകച്ചു നിന്നു. ആദ്യം സ്വന്തം വീട്ടില്‍ പോയെങ്കിലും അവര്‍ സ്വീകരിച്ചില്ല. അമ്മൂമ്മയുടെ വീടിന്റെ ചായ്പിൽ മകനെയുംകൊണ്ട് ജീവിതം തുടങ്ങി.
കറിപ്പൗഡറും സോപ്പും വീടുകളിൽ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇൻഷുറൻസ് ഏജന്റായി. വിദ്യാർഥികൾക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങൾ ബൈക്കിൽ വീടുകളിൽ എത്തിച്ചുകൊടുത്തു. ഉത്സവവേദികളിൽ ചെറിയ കച്ചവടങ്ങൾക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയിൽ ജീവിക്കണം എന്ന വാശിയില്‍ എം എ പൂര്‍ത്തീയാക്കി. അതിനിടയിലാണ് വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന വേളയില്‍ നാരാങ്ങവെള്ളവും ഐസ്ക്രീമും വിൽക്കുന്ന സ്റ്റാള്‍ ഇട്ടത്.

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടങ്ങളിലായി മാറിമാറി താമസിച്ചു. ആൺകുട്ടികളെപ്പോലെ മുടിവെട്ടിയ ആനി മകൻ ശിവസൂര്യയ്ക്ക് അപ്പയായി. ഒറ്റനോട്ടത്തിൽ ചേട്ടനും അനിയനുമാണെന്ന് പലരും കരുതി.

2014-ൽ സുഹൃത്തിന്റെ പ്രേരണയിൽ വനിതകളുടെ എസ് ഐ പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016 ൽ വനിതാ പോലീസായി ജോലി ലഭിച്ചു. 2019-ൽ എസ് ഐ പരീക്ഷയിലും വിജയം നേടി. പരിശീലനത്തിനുശേഷം 2021 ജൂൺ 25ന് വർക്കലയിൽ എസ് ഐ യായി ആദ്യനിയമനം.

ശിവഗിരി തീർഥാടന സമയത്ത് നാരാങ്ങവെള്ളവും ഐസ്ക്രീമും വിറ്റ് ജീവിച്ചിരുന്ന പെൺകുട്ടി വർഷങ്ങൾക്കിപ്പുറം അതേ സ്ഥലത്ത് ഔദ്യോഗിക വാഹനത്തിൽ സബ് ഇൻസ്പെക്ടർ ആയി എത്തിനിൽക്കുമ്പോൾ ആത്മബലത്തിന്റെയും ജീവിതവിജയത്തിന്റെയും മാതൃകയാവുകയാണ് ആനി ശിവയെന്ന പോരാളിയായ അമ്മ.

Related Posts