രാഹുല്‍ ഗാന്ധിക്ക് വധഭീഷണിയുമായി അജ്ഞാതന്റെ കത്ത്
ഭോപ്പാല്‍: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിൽ എത്തിയ രാഹുൽ ഗാന്ധിക്ക് അജ്ഞാതന്‍റെ വധഭീഷണി കത്ത് ലഭിച്ചു. ജുനി ഇൻഡോർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മധുരപലഹാരക്കടയിൽ നിന്നാണ് കത്ത് കണ്ടെടുത്തത്. നഗരത്തിൽ പലയിടത്തും ബോംബ് സ്ഫോടനം നടത്തുമെന്ന് കത്തിൽ ഭീഷണിയുണ്ട്. മുൻ മുഖ്യമന്ത്രി കമൽനാഥിന് നേരെ വെടിയുതിർക്കുമെന്നും രാഹുൽ ഗാന്ധി കൊല്ലപ്പെടുമെന്നും കത്തിൽ പറയുന്നു. കത്തെഴുതിയ ആളെ കണ്ടെത്താൻ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ഇൻഡോറിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും പൊലീസ് സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. ആരെങ്കിലും പറ്റിക്കാനായി കത്ത് എഴുതിയതാകാമെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. "ഇൻഡോറിലെ പല സ്ഥലങ്ങളിലും ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകും. കമല്‍നാഥിനുനേരെ നിറയൊഴിക്കുകയും രാഹുലിനെ രാജീവ് ഗാന്ധിയുടെ അടുത്തേക്കയക്കുകയും ചെയ്യും" - എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.