അജ്ഞാത ചിത്രകാരൻ ബാങ്ക്സിയുടെ യുദ്ധവിരുദ്ധ പെയ്ൻ്റിങ്ങ് വിറ്റുപോയത് 81,000 പൗണ്ടിന്

അജ്ഞാത ചിത്രകാരനായ ബാങ്ക്സിയുടെ യുദ്ധവിരുദ്ധ പെയ്ൻ്റിങ്ങ് വിറ്റുപോയത് റെക്കോഡ് തുകയ്ക്ക്. ഉക്രയ്നിലെ കുട്ടികളുടെ ആശുപത്രിക്ക് ധനസമാഹരണം നടത്താനാണ് യുദ്ധവിരുദ്ധ ചിത്രം വിൽപനയ്ക്ക് വെച്ചത്.

ചുവരിൽ ആണവ നിരായുധീകരണ പ്രചാരണത്തിന്റെ ചിഹ്നം വരയ്ക്കുന്ന രണ്ട് സൈനികരുടെ ചിത്രമാണ് ഓൺലൈൻ ലേലത്തിൽ വിറ്റുപോയത്. വിൽപനയിൽ നിന്നുള്ള വരുമാനം കീവിലെ ഒഖ്മത്ഡിറ്റ് ആശുപത്രിയിലേക്ക് സംഭാവന ചെയ്യും. ഉക്രയ്നിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയാണിത്. റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

അജ്ഞാതനായ തെരുവ് ചിത്രകാരനാണ് ബാങ്ക്സി. ലോക്ഡൗൺ കാലത്ത് ബാങ്ക്സി വരച്ച 'റാറ്റ്‌ ആൻഡ് റോൾ' ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശൗചാലയത്തിലെ എലികൾ എന്നു പേരിട്ട ചിത്രം ബാങ്ക്സി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തത്. ചിത്രങ്ങളുടെ യഥാർഥ സൃഷ്ടാവ് ഇപ്പോഴും അജ്ഞാതനായി തുടരുകയാണ്.

ബാങ്ക്സിയുടെ അവസാനത്തെ പൊതു ചിത്രം പ്രത്യക്ഷപ്പെട്ടത് ബ്രിസ്റ്റോളില്‍ വാലന്‍ന്റൈന്‍ ദിനത്തിലായിരുന്നു. ഒരു തെറ്റാലിയില്‍നിന്നും പെണ്‍കുട്ടി പൂക്കള്‍ എയ്യുന്നതായിരുന്നു അത്. കഴിഞ്ഞ വർഷം 'ഡെവോൾവ്ഡ് പാർലമെൻ്റ് ' എന്ന ചിത്രം 10 മില്യൺ യൂറോയ്ക്കാണ് വിറ്റത്. രാഷ്ട്രീയക്കാരെ ആൾക്കുരങ്ങന്മാരായി വരച്ചതായിരുന്നു ചിത്രം.

ബാങ്ക്‌സിയുടെ ബലൂൺ പറത്തുന്ന പെൺകുട്ടി ബ്രിട്ടണിലെ ഏറ്റവും പ്രിയപ്പെട്ട പെയ്ന്റിങ്ങായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു ബലൂൺ. അതിന്റെ ചരടിലുള്ള പിടുത്തം വിടുവിച്ച്, തനിച്ചു പറക്കാൻ വിടുന്ന ഒരു കൊച്ചു പെൺകുട്ടി. അവളാണ് ബാങ്ക്സിയുടെ ബലൂൺ ഗേൾ. ജോൺ കോൺസ്റ്റബിളിന്റെ ഹേ വെയ്‌നിനെയും ജാക്ക് വെട്രിയാനോയുടെ സിങ്ങിങ് ബട്ലറിനെയും മറികടന്നാണ് ബലൂൺ ഗേൾ രാജ്യത്തിന്റെ പ്രിയപ്പെട്ട ചിത്രമായത്.

Related Posts