ഇതുപോലെ അനൂപ് മേനോൻ ചെയ്യുമോ?' ചലഞ്ച് അക്‌സെപ്റ്റെഡ്; സിനിമ പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങി താരം
തന്റെ സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങി നടൻ അനൂപ് മേനോൻ. താരത്തിനൊപ്പം സംവിധായകനും ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും ചേർന്ന് ചിത്രത്തിന്റെ പോസ്റ്റർ മതിലുകളിൽ ഒട്ടിക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പുതിയ ചിത്രമായ 21 ഗ്രാംസിന്റെ പോസ്റ്ററുമായാണ് താരം രാത്രി റോഡിലിറങ്ങിയത്.
നടനും അവതാരകനുമായ ജീവ ജോസഫാണ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പോസ്റ്റർ ഒട്ടിക്കൽ ചലഞ്ചുമായി രംഗത്തെത്തിയത്. ചിത്രത്തിന്റെ പോസ്റ്റർ മതിലിൽ ഒട്ടിച്ച ജീവ, താൻ ചെയ്തത് പോലെ അനൂപ് മേനോന് ചെയ്യാൻ പറ്റുമോ എന്ന് വെല്ലുവിളിച്ചു. ഈ വെല്ലുവിളി ഏറ്റെടുത്തു കൊണ്ടാണ് അനൂപ് മേനോനും നിർമാതാവും സംവിധായകനും അടക്കമുള്ള ടീം പോസ്റ്റർ ഒട്ടിക്കാനിറങ്ങിയത്. ജീവ തന്നെയാണ് വിഡിയോ പുറത്തുവിട്ടത്.
നവാഗതനായ ബിബിൻ കൃഷ്ണ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 21 ഗ്രാംസ്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ എൻ റിനീഷ് ആണ് ചിത്രം നിർമിക്കുന്നത്. അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.