കർണാടകയിൽ പ്രധാനമന്ത്രിയുടെ റാലിക്കിടെ വീണ്ടും സുരക്ഷാ വീഴ്ച; ബാരിക്കേഡ് മറികടന്ന് യുവാവ്
ബെംഗളൂരു: കർണാടകയിലെ ദേവനഗരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ വീഴ്ച. മോദിയുടെ റോഡ് ഷോയ്ക്കിടെ റോഡരികിൽ നിന്നിരുന്ന ഒരു യുവാവ് ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. പൊലീസും സുരക്ഷാ സേനയും ചേർന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്ത് വരികയാണെന്നും സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് കർണാടകയിൽ മോദിയുടെ പരിപാടിയിൽ സുരക്ഷാവീഴ്ച ഉണ്ടാകുന്നത്. ജനുവരിയിൽ ഹുബ്ബള്ളിയിൽ നടന്ന റോഡ് ഷോയ്ക്കിടെ 15 വയസുകാരൻ പൂമാലയുമായി ബാരിക്കേഡ് മറികടന്ന് മോദിയുടെ മുന്നിലേക്ക് ഓടിയെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ കൈ അകലത്തിലെത്തിയ കുട്ടിയിൽ നിന്ന് മാല സ്വീകരിക്കാൻ അദ്ദേഹം ഒരുങ്ങിയെങ്കിലും എസ്പിജി (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സ്) ഉദ്യോഗസ്ഥർ കുട്ടിയെ പിടിച്ചുമാറ്റി മാല പ്രധാനമന്ത്രിക്ക് കൈമാറുകയായിരുന്നു.