ഗവർണർക്ക് വീണ്ടും തിരിച്ചടി; സെനറ്റ് അംഗങ്ങൾക്കെതിരായ നടപടി ഹൈക്കോടതി റദ്ദാക്കി
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചതിനെതിരായ കേസിൽ ഗവർണർക്ക് തിരിച്ചടി. സെനറ്റ് അംഗങ്ങൾക്കെതിരായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവർണർ പുറത്താക്കിയതിനെതിരെ സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഗവർണറുടെ നടപടി നിയമവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. സെനറ്റംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നായിരുന്നു ഗവർണർ ആരോപിച്ചത്. സർവകലാശാല ചാൻസലറായ തനിക്കെതിരെ പ്രവർത്തിക്കാൻ സെനറ്റ് ശ്രമിച്ചുവെന്നും ഗവർണർ പറഞ്ഞിരുന്നു. ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വൈസ് ചാൻസലറെ തിരഞ്ഞെടുക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് ഗവർണർ ആവർത്തിച്ച് പറഞ്ഞിട്ടും സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാത്തതിനെ തുടർന്നാണ് ചാൻസലർ കൂടിയായ ഗവർണർ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത്. ചാൻസലർക്ക് സെനറ്റ് അംഗങ്ങളോട് താത്പര്യം നഷ്ടമായാൽ അവരെ പിൻവലിക്കാമെന്ന ചട്ടം അനുസരിച്ചായിരുന്നു ഗവർണറുടെ നടപടി.