ഡൽഹിയിൽ കോടതി സമുച്ചയത്തിൽ വീണ്ടും വെടിവെപ്പ്, സുരക്ഷാ ഡ്യൂട്ടിക്കിടെ പൊലീസുകാരൻ സ്വയം വെടിവെച്ച് മരിച്ചനിലയിൽ

ഡൽഹി ഹൈക്കോടതിയിൽ സുരക്ഷാ ചുമതലയിൽ നിയോഗിക്കപ്പെട്ടിരുന്ന പൊലീസ് കോൺസ്റ്റബിൾ സർവീസ് തോക്കുപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ച നിലയിൽ. 30 വയസ് പ്രായമുള്ള രാജസ്ഥാൻകാരനാണ് വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് അറിയിച്ചു.
രോഹിണി കോടതിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൻ്റെ ആഘാതത്തിൽനിന്ന് മുക്തമാവുന്നതിന് മുമ്പേയാണ് തലസ്ഥാനത്തെ മറ്റൊരു കോടതിയിൽ വീണ്ടും വെടിയൊച്ച മുഴങ്ങുന്നത്. ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിനുശേഷം അതി ജാഗ്രതാ നിർദേശങ്ങളാണ് കോടതികളിൽ നിലവിലുള്ളത്. തലസ്ഥാനത്തെ മുഴുവൻ കോടതികളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. നഗരത്തിലെ 7 കോടതികളിലും ഹൈക്കോടതിക്കു സമാനമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
സംഭവത്തിൽ ദുരൂഹതയില്ലെന്നും യുവാവ് ആത്മഹത്യ ചെയ്തതാണെന്നും പൊലീസ് പറഞ്ഞു. അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരിച്ചെത്തിയ ഉടനെയാണ്, സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട യുവാവ് വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. കുടുംബാംഗങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ദീപക് യാദവ് പറഞ്ഞു.