ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർധിക്കുന്നത് നിരീക്ഷിക്കുന്നതായി ആന്റണി ബ്ലിങ്കൻ

ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർധിക്കുന്നതായ ചില ഉദ്യോസ്ഥരുടെ വിലയിരുത്തൽ അമേരിക്ക നിരീക്ഷിച്ചു വരികയാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ.

യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് എന്നിവരുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയും അമേരിക്കയും പൊതുവായി പങ്കിടുന്ന ചില മൂല്യങ്ങളുണ്ട്. മനുഷ്യാവകാശങ്ങൾ അതിൽ പരമപ്രധാനമാണ്. സർക്കാർ, പൊലീസ്, ജയിൽ അധികൃതർ എന്നിവരിൽ നിന്നുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങൾ തങ്ങൾ നിരീക്ഷിച്ചുവരുന്നതായി ബ്ലിങ്കൻ പറഞ്ഞു.

എന്നാൽ മനുഷ്യാവകാശ ലംഘന വിഷയത്തിലേക്ക് ബ്ലിങ്കൻ വിശദമായി പോയില്ല. പത്ര സമ്മേളനത്തിൽ അദ്ദേഹത്തിനു ശേഷം സംസാരിച്ച രാജ്നാഥ് സിങ്ങും എസ് ജയശങ്കറും വിഷയത്തിൽ മൗനം പാലിച്ചു.

മനുഷ്യാവകാശ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിനെ വിമർശിക്കാനുള്ള അമേരിക്കൻ സർക്കാരിന്റെ വിമുഖതയെ യു എസ് പ്രതിനിധി ഇൽഹാൻ ഒമർ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബ്ലിങ്കന്റെ പരാമർശം എന്നത് ശ്രദ്ധേയമാണ്.

Related Posts