ഹിജാബ് വിരുദ്ധ പ്രതിഷേധം; 3 പേർക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാൻ

ടെഹ്റാന്‍: ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ പ്രതികാര നടപടികളുമായി ഇറാൻ സർക്കാർ മുന്നോട്ട്. ഇറാനിലെ മത ഭരണകൂടം മൂന്ന് പ്രതിഷേധക്കാർക്ക് കൂടി വധശിക്ഷ വിധിച്ചു. പ്രതിഷേധക്കാർ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് സർക്കാർ നിലപാട്. മതഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കുറ്റകൃത്യമായി ഇത് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ശനിയാഴ്ച രണ്ട് പേരെ തൂക്കിലേറ്റിയിരുന്നു. എന്നാൽ വധശിക്ഷയ്ക്കെതിരെ ജനങ്ങൾ ജയിലിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 13ന് തലസ്ഥാനമായ ടെഹ്റാനിൽ എത്തിയ 22 കാരിയായ കുർദിഷ് യുവതി മഹ്സ അമിനിയെ ശരിയാം വണ്ണം ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പോലീസ് അറസ്റ്റ് ചെയ്തു. മതകാര്യ പോലീസ് ക്രൂരമായി മർദ്ദിച്ച് ദിവസങ്ങൾക്കുള്ളിൽ മഹ്സ അമിനി മരിച്ചു. ഇതേതുടർന്ന് മതകാര്യ പോലീസിനും സർക്കാരിനുമെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് മാസങ്ങളോളം രാജ്യത്ത് കലാപ സമാനമായിരുന്നു അവസ്ഥ. അനൗദ്യോഗിക കണക്കനുസരിച്ച് 1,000 നും 1,500 നും ഇടയിൽ ആളുകൾ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടു. ഇതിൽ അഞ്ഞൂറോളം പോലീസുകാരും കുട്ടികളും ഉൾപ്പെടുന്നു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല റുഹൊള്ള ഖൊമൈനി ജനിച്ച തറവാട്ടുവീടിന് കലാപകാരികൾ തീയിടുന്നതുവരെ കാര്യങ്ങൾ വഷളായി.  പ്രതിഷേധങ്ങൾക്ക് ലോകമെമ്പാടും പിന്തുണ പ്രഖ്യാപിക്കപ്പെട്ടെങ്കിലും പ്രതിഷേധക്കാരെ അടിച്ചമർത്താൻ ആണ് ഇറാനിലെ മത ഭരണകൂടം ശ്രമിച്ചത്. ലോകകപ്പിൽ പോലും ഇറാൻ ഫുട്ബോൾ താരങ്ങൾ സർക്കാർ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ മതകാര്യ പോലീസിനെ പിരിച്ചുവിടാൻ ഇറാൻ തയ്യാറായി. എന്നാൽ സമരക്കാർക്കെതിരെ കർശന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ പത്തോളം പേരെ സർക്കാർ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

Related Posts