റഷ്യൻ സോഷ്യൽ മീഡിയയിൽ വൈറലായി അർനോൾഡ് ഷ്വാർസെനഗറുടെ യുദ്ധവിരുദ്ധ വീഡിയോ

ഹോളിവുഡ് സിനിമാ താരവും കാലിഫോർണിയ മുൻ ഗവർണറുമായ അർനോൾഡ് ഷ്വാർസെനഗറുടെ യുദ്ധവിരുദ്ധ വീഡിയോ ഏറ്റെടുത്ത് റഷ്യൻ സോഷ്യൽ മീഡിയ. റഷ്യൻ ജനതയെയും പ്രസിഡണ്ട് വ്ലാദിമിർ പുതിനെയും നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ ഇതിനോടകം 25 മില്യൺ റഷ്യക്കാരാണ് കണ്ടത്. അർനോൾഡിൻ്റെ ട്വീറ്റ് മൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലേറെ തവണ റീട്വീറ്റ് ചെയ്യപ്പെട്ടു.

ഉക്രയ്ൻ യുദ്ധത്തെപ്പറ്റി പച്ചക്കള്ളമാണ് റഷ്യൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് വീഡിയോയിൽ അർനോൾഡ് പറയുന്നു. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിനോട് നിങ്ങളാണ് ഈ യുദ്ധം തുടങ്ങി വെച്ചതെന്നും നിങ്ങൾക്ക് മാത്രമേ ഇത് നിർത്താനാവൂ എന്നും നടൻ പറയുന്നുണ്ട്.

റഷ്യയിലെ യുദ്ധ വിരുദ്ധർക്കിടയിൽ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. റഷ്യൻ ജനതയോട് വലിയ ആദരവോടെയാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് ലെവ് ഷ്ളോസ്ബർഗ് പ്രതികരിച്ചു. റസ്സോഫോബിയ കൂട്ടിക്കലർത്തിയ സന്ദേശമല്ല അർനോൾഡിൻ്റേതെന്ന് ലിബറൽ മാധ്യമ പ്രവർത്തകൻ ആൻ്റൺ ഒരേഖ് അഭിപ്രായപ്പെട്ടു.

ലോകത്തിൻ്റെ കണ്ണിൽ തങ്ങൾ ബഹിഷ്‌കൃത ജനതയാണെന്നും റഷ്യക്കാരെ രക്തദാഹികളായല്ല, മറിച്ച് വഴിതെറ്റിയ നല്ല മനുഷ്യർ എന്ന നിലയിലാണ് അർനോൾഡ് അഭിസംബോധന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Posts