ജന്മദിനത്തിൽ അണിഞ്ഞൊരുങ്ങി അനുപമ പരമേശ്വരൻ; ഇരുപത്താറാം അധ്യായമെന്ന് ഇരിങ്ങാലക്കുടക്കാരി
ആലുവാപ്പുഴയുടെ തീരത്ത് ആരോരുമില്ലാനേരത്ത് തന്നനം തെന്നിത്തെന്നി തേടിവന്നൊരു മാർഗഴിക്കാറ്റാണ് മലയാളിക്ക് അനുപമ. അൽഫോൻസ് പുത്രൻ്റെ പ്രേമത്തിലൂടെ നായകനായ ജോർജിൻ്റെ മാത്രമല്ല മലയാളി യുവത്വത്തിൻ്റെയാകെ കരളിൽ കേറി ഒളിച്ച മേരി എന്ന സുന്ദരിപ്പെണ്ണ്.
ഇരിങ്ങാലക്കുടക്കാരിയാണ് അനുപമ. ഇ പരമേശ്വരൻ, സുനിത ദമ്പതികളുടെ മകളായി 1996-ലാണ് അനുപമ ജനിച്ചത്. ഡോൺ ബോസ്കോയിലെയും നാഷണൽ ഹയർ സെക്കന്ററി സ്കൂളിലെയും പഠനത്തിനുശേഷം കോട്ടയം സി എം എസ് കോളെജിൽ നിന്ന് ലിറ്ററേച്ചർ, കമ്മ്യൂണിക്കേഷൻ ആൻ്റ് ജേർണലിസത്തിൽ ബിരുദമെടുത്തു.
പ്രേമത്തിലൂടെ വലിയൊരു തരംഗം സൃഷ്ടിച്ച അനുപമയെ പിന്നീട് അധികമൊന്നും മലയാളി പ്രേക്ഷകർ കണ്ടിട്ടില്ല. ഏഴ് കൊല്ലത്തിനിടയിൽ ജയിംസ് ആൻ്റ് ആലീസ്, ജോമോൻ്റെ സുവിശേഷങ്ങൾ എന്നീ സിനിമകളിൽ മാത്രമാണ് അനുപമ മലയാളത്തിൽ മുഖം കാണിച്ചത്. എന്നാൽ ഇക്കാലയളവിൽ നിരവധി തെലുഗ് ചിത്രങ്ങളിലാണ് താരം നായികയായി അഭിനയിച്ചത്. അ ആ, പ്രേമം, കൊടി, വുന്നതി ഒക്കാട്ടെ സിന്ദഗി, കൃഷ്ണാർജുന യുദ്ധം തുടങ്ങി നിരവധി ചിത്രങ്ങൾ.
ഇന്ന് ഇരുപത്തി ആറാം പിറന്നാൾ ആണെന്ന് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ചാപ്റ്റർ 26, ലോകമേ, നന്ദി എന്ന അടിക്കുറിപ്പോടെ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നസ്രിയ, നമിത പ്രമോദ്, ഗൗതമി നായർ, റാഷി ഖന്ന തുടങ്ങി നിരവധി അഭിനേതാക്കൾ അനുപമയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.