സെക്രട്ടേറിയറ്റിനു മുന്നിൽ അനുപമയുടെ നിരാഹാരം തുടങ്ങി

തിരുവനന്തപുരം പേരൂർക്കടയിൽ സ്വന്തം കുടുംബം കുഞ്ഞിനെ തട്ടിയെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞിന്റെ അമ്മ അനുപമ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം ആരംഭിച്ചു. ആറുമാസമായി താൻ പരാതിയുമായി നടക്കുകയാണെന്നും സഹായിക്കാൻ ഉത്തരവാദിത്തമുള്ള ആരും തന്നെ സഹായിച്ചില്ലെന്നും അനുപമ പറഞ്ഞു. എല്ലാവരും അവഗണിക്കുകയാണ് ചെയ്തത്. പാർട്ടിക്ക് ഒന്നും ചെയ്യാനാവില്ല എന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു.

പരാതിയുമായി ചെന്നപ്പോൾ കയർത്ത് സംസാരിച്ചവരാണ് ഇപ്പോൾ സ്നേഹപൂർവം ഇടപെട്ട് സംസാരിച്ചു എന്നൊക്കെ കള്ളം പറയുന്നത്. മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് അൽപ്പമെങ്കിലും പരിഗണന ലഭിച്ചത്. തനിക്ക് നീതി ലഭിക്കുംവരെ സമരം തുടരുമെന്നും അനുപമ പറഞ്ഞു. കുഞ്ഞിന്റെ പിതാവ് അജിത്തും അനുപമയ്ക്ക് ഒപ്പമുണ്ട്. അതിനിടെ അനുപമയ്ക്ക് പിന്തുണയുമായി പ്രശസ്ത ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സെക്രട്ടേറിയറ്റിന് മുന്നിലെത്തി.

പാർട്ടി അറിഞ്ഞാണ് അനുപമയുടെ പിതാവ് കുഞ്ഞിനെ ദത്ത് നൽകിയത് എന്ന ആരോപണം സി പി എം ആക്റ്റിങ്ങ് സെക്രട്ടറി എ വിജയരാഘവൻ തളളി. പാർട്ടി അനുപമയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിയമം കൈയിലെടുത്തതിന്റെ ദുരന്തമാണ് അനുപമയുടെ വിഷയത്തിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

Related Posts