അനുരാധ ക്രൈം നമ്പർ 59/2019 ടീസർ ഇറങ്ങി
നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാധ ക്രൈം നമ്പർ 59/2019. ഫാമിലി ത്രില്ലർ ഴോണറിൽ വരുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുസിതാര ടൈറ്റിൽ റോൾ ചെയ്യുന്ന ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മി ഇന്ദ്രജിത്തിന്റെ ഭാര്യയായി വേഷമിടുന്നു.
മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിന് ലഭിക്കുന്നത്. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന സന്ദേശം നൽകിക്കൊണ്ടാണ് അന്താരാഷ്ട്ര വനിതാ ദിനത്തിൽ ടീസർ പുറത്തിറക്കിയത്. ബസ്സിൽ യാത്ര ചെയ്യുന്ന സുരഭിയുടെ കഥാപാത്രത്തെ ഒരാൾ ശല്യം ചെയ്യുന്നതും അതിനോട് ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ പ്രതികരണവുമാണ് ടീസറിൽ ഉള്ളത്.
പീതാംബരൻ എന്ന കുറ്റാന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഇന്ദ്രജിത്ത് അഭിനയിക്കുന്നത്. ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മനു മൻജിത്ത്, ജ്യോതികുമാർ പുന്നപ്ര, ബി എച്ച് ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ടോണി ജോസഫ് സംഗീതം പകരുന്നു. ബേബി അനന്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, ജൂഡ് ആന്റണി ജോസഫ്, ഹരീഷ് കണാരൻ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.