അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം; വിദ്യാര്‍ത്ഥിക്ക് സസ്പെൻഷൻ

കൊച്ചി: കോളേജ് യൂണിയൻ പരിപാടിക്കിടെ അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. എറണാകുളം ലോ കോളേജിലെ രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗൺസിലിന്‍റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. വൻ വിവാദം സൃഷ്ടിച്ച സംഭവത്തിൽ കോളേജ് സ്റ്റാഫ് കൗൺസിൽ വിദ്യാർത്ഥിയോട് വിശദീകരണം തേടിയിരുന്നു. തന്‍റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിന് ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്പെൻഡ് ചെയ്തത്. അപർണ ബാലമുരളിയും വിനീത് ശ്രീനിവാസനും ലോ കോളേജിലെ കോളേജ് യൂണിയൻ പരിപാടിയിൽ അതിഥികളായി എത്തിയിരുന്നു. വേദിയിൽ ലോ കോളേജ് യൂണിയൻ സംഘടിപ്പിച്ച പരിപാടി പുരോഗമിക്കുന്നതിനിടെയാണ് വിഷ്ണു പുഷ്പവുമായി വേദിയിലെത്തിയത്. പൂവ് നൽകിയ ശേഷം ശേഷം അപർണയ്ക്ക് ഷേക്ക് ഹാൻഡ് നൽകിയ വിഷ്ണു നടിയുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. നടിയുടെ തോളിൽ കൈ വയ്ക്കാൻ ശ്രമിച്ച വിഷ്ണുവിനെതിരെ അപർണ രൂക്ഷമായി പ്രതികരിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ നടി ഒഴി‍ഞ്ഞു മാറുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയൻ ഖേദം പ്രകടിപ്പിച്ചിരുന്നു. 

Related Posts