ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലേക്ക് എഎപി ഒഴികെ 21 പാർട്ടികളെ ക്ഷണിച്ചു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലേക്ക് സമാന ചിന്താഗതിക്കാരായ 21 രാഷ്ട്രീയ പാർട്ടികളെ ക്ഷണിച്ചു. ഈ മാസം 30ന് ശ്രീനഗറിൽ ഭാരത് ജോഡോ യാത്ര സമാപിക്കും. ഐക്യത്തിന്‍റെയും സമത്വത്തിന്‍റെയും സന്ദേശം ശക്തിപ്പെടുത്തുന്നതിനായി 21 രാഷ്ട്രീയ പാർട്ടികളെ സമാപന സമ്മേളനത്തിലേക്ക് കോൺഗ്രസ് നേതൃത്വം ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഈ പാർട്ടികളുടെ പ്രസിഡന്‍റുമാർക്ക് കത്തയച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശാണ് കത്ത് ട്വീറ്റ് ചെയ്തത്. തൃണമൂൽ കോൺഗ്രസ്, സി.പി.എം, നിതീഷ് കുമാറിന്‍റെ ജനതാദൾ (യുണൈറ്റഡ്), ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാർട്ടി, ലാലു പ്രസാദ് യാദവിന്‍റെ രാഷ്ട്രീയ ജനതാദൾ, അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടി, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി തുടങ്ങിയ പാർട്ടികളെയാണ് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലിരിക്കുന്ന ആം ആദ്മി പാർട്ടിയെ ക്ഷണിതാക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചൈനയിൽ കൊവിഡ് പടരുന്നതിനാൽ ഭാരത് ജോഡോ യാത്രയിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമാക്കണമെന്ന് എഎപി ആവശ്യപ്പെട്ടിരുന്നു. ഇത് കോൺഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു.

Related Posts