വാഹനാപകടം കുറയ്ക്കാന്‍ ആപ്പ് കൊണ്ടുവരാൻ എം.വി.ഡി ഒരുങ്ങുന്നു
റോഡുകളിലെ ബ്ലാക്ക് സ്പോട്ടുകളിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ സൃഷ്ടിക്കും. ആപ്പിന് പേര് തീരുമാനിച്ചിട്ടില്ല. സ്ഥിരം അപകടസ്ഥലത്ത് വാഹനം എത്തുമ്പോഴാണ് അലാറം മുഴങ്ങുക. ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. വഴിയിലെ മറ്റ് ബ്ലാക്ക് സ്പോട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തും. പതിവായി അപകടങ്ങൾ ഉണ്ടാകുന്ന ഇടങ്ങളാണ് ബ്ലാക്ക് സ്പോട്ടുകൾ. കേരള റോഡ് സേഫ്റ്റി അതോറിറ്റി സംസ്ഥാനത്തെ ബ്ലാക്ക് സ്പോട്ടുകളുടെ എണ്ണം, ഓരോന്നിന്‍റെയും സ്ഥലപരിധി എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആപ്പ് തയ്യാറാക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ റോഡുകളിൽ നടന്ന 1,10,000 അപകടങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്ലാക്ക് സ്പോട്ടുകൾ തിരിച്ചറിഞ്ഞത്. അമിത വേഗതയും അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നും കണ്ടെത്തി.