ഐ ഫോൺ ഉപയോക്താക്കൾക്ക് ആശ്വസിക്കാം, പെഗാസസ് സ്പൈവെയർ പ്രശ്നം പരിഹരിച്ചതായി ആപ്പിൾ
പെഗാസസ് ചാര സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട ഐ ഫോണുകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടതായി ആപ്പിൾ. അപകടകരമായ സന്ദേശങ്ങളുടെ രൂപത്തിലോ, ലിങ്കിൻ്റെ രൂപത്തിലോ അല്ലാതെ, ഉപയോക്താവ് ക്ലിക്ക് ചെയ്യാതെ പോലും ചാര സോഫ്റ്റ് വെയറിനെ ഫോണിനുള്ളിൽ പ്രവേശിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രശ്നത്തിനാണ് ആപ്പിൾ പുതിയ സോഫ്റ്റ് വെയർ അപ്ഡേഷനിലൂടെ പരിഹാരം കണ്ടെത്തിയത്.
ഇസ്രയേലി കമ്പനിയായ എൻ എസ് ഒ ഗ്രൂപ്പിൻ്റെ പെഗാസസ് ചാര സോഫ്റ്റ് വെയർ ലോകമെമ്പാടും, പ്രത്യേകിച്ച് ഇന്ത്യയിൽ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മനുഷ്യാവകാശ പ്രവർത്തകരുടേയും മാധ്യമ പ്രവർത്തകരുടേയും പ്രതിപക്ഷ നേതാക്കളുടേയും ഫോൺ ചോർത്താൻ കേന്ദ്ര സർക്കാർ പെഗാസസിന്റെ സഹായം തേടിയെന്ന വെളിപ്പെടുത്തൽ വലിയ തോതിലുള്ള ഒച്ചപ്പാടിന് ഇടയാക്കി.
കാനഡയിലെ സൈബർ സുരക്ഷാ സംഘടനയായ സിറ്റിസൺ ലാബാണ് അതീവ സുരക്ഷിതം എന്ന് കരുതുന്ന ആപ്പിൾ ഫോണുകളിലെ പിഴവ് വെളിച്ചത്തു കൊണ്ടുവന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുക പോലും വേണ്ടാത്ത ഐ മെസേജ് ടെക്സ്റ്റിങ്ങിലൂടെയാണ് പെഗാസസ് ആപ്പിൾ ഫോണുകളിൽ കടന്നുകൂടിയത് എന്ന സിറ്റിസൺ ലാബിന്റെ കണ്ടെത്തൽ ഐ ഫോണുകളുടെ സുരക്ഷിതത്വത്തെപ്പറ്റി കനത്ത ആശങ്കകൾ സൃഷ്ടിച്ചിരുന്നു.
സിറ്റിസൺ ലാബ് കണ്ടെത്തിയ പ്രശ്നത്തിന് തങ്ങൾ അതിവേഗമാണ് പരിഹാരം വികസിപ്പിച്ചതെന്ന് ആപ്പിളിന്റെ പത്രക്കുറിപ്പിൽ പറയുന്നു. ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചാണ് അതിസങ്കീർണമായ ഇത്തരം ചാര സോഫ്റ്റ് വെയറുകൾ വികസിപ്പിക്കുന്നതെന്നും വളരെ ചെറിയ കാലത്തെ ആയുസ്സേ ഇവയ്ക്കുള്ളൂവെന്നും പ്രത്യേക വിഭാഗം വ്യക്തികളെ മാത്രമാണ് ഇവ ലക്ഷ്യം വെയ്ക്കുന്നതെന്നും ആപ്പിൾ പറയുന്നു.