ആപ്പിൾ, സാംസങ്ങ്, ഗൂഗിൾ- സ്മാർട്ട് ഫോണുകളുടെ ഉത്സവ കാലമായി സെപ്റ്റംബർ മാറിയേക്കും
ആപ്പിളിൻ്റെ ഐ ഫോൺ 13 സീരീസ് ഉൾപ്പെടെ സെപ്റ്റംബറിൽ ഒരു നിര വൻകിട സ്മാർട്ട് ഫോൺ ബ്രാൻഡുകൾ പുറത്തിറങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പുതിയ ഐ ഫോൺ സീരീസ് ആപ്പിൾ പുറത്തിറക്കുന്നത് സെപ്റ്റംബർ 14 നാവും എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾക്ക് ഇടയിലാണ് ഒരു ദിവസം മുൻപേ, അതായത് സെപ്റ്റംബർ 13 ന് ഗൂഗിൾ പിക്സൽ 6, പിക്സൽ 6 പ്രോ എന്നിവ റിലീസ് ചെയ്യും എന്ന വാർത്തകൾ വരുന്നത്.
അതിനിടെ സാംസങ്ങ് അതിൻ്റെ ഗാലക്സി സീരീസിലുള്ള എസ് 21 എഫ് ഇ ഈ മാസം തന്നെ പുറത്തിറക്കിയേക്കും എന്ന സൂചനകളും വന്നുകഴിഞ്ഞു.
ഗൂഗിളിൻ്റെ അന്താരാഷ്ട്ര പിക്സൽ 6 പ്രസ് കോൺഫറൻസ് സെപ്റ്റംബർ 13 ന് ആയിരിക്കുമെന്ന് മാഷബ്ൾ റിപ്പോർട്ടു ചെയ്യുന്നു.
ക്യാമറയിൽ കിടിലൻ ആഡ് ഓണുകൾ ഉൾപ്പെടുത്തി കൊണ്ടാണ് പിക്സൽ 6 പ്രോയുടെ വരവെന്നാണ് സൂചനകൾ. ക്യു എച്ച് ഡി പ്ലസ് 6.7 ഇഞ്ച് ഡിസ്പ്ലേയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റാണ് പ്രോയുടെ പ്രധാന സവിശേഷത. പിക്സൽ 6 ൽ ഇത് 90 ഹെർട്സ് ആയിരിക്കും.
ഗൂഗിളിൻ്റെ സ്വന്തം ചിപ് സെറ്റായ 'ടെൻസർ' ആണ് രണ്ടു മോഡലിലും ഉള്ളത്. ഗൂഗിളിനായി ടെൻസർ ചിപ്പുകൾ നിർമിക്കുന്നത് സാംസങ്ങ് ആണെങ്കിലും ഗൂഗിളിൻ്റെ കരുത്തുറ്റ മെഷീൻ ലേണിങ്ങ്, എ ഐ അൽഗോരിതങ്ങൾ എന്നിവ കൂട്ടിച്ചേർത്ത് പ്രകടനം മെച്ചപ്പെടുത്തും.
ടെൻസർ പ്രോസസിങ്ങ് യൂണിറ്റ് (ടി പി യു) സിസ്റ്റം ഓൺ എ ചിപ്പ് (എസ് ഒ സി ) സവിശേഷതയ്ക്കു പുറമേ ടൈറ്റൻ എം സെക്യൂരിറ്റി ചിപ്പ് എന്ന മെച്ചപ്പെട്ട സുരക്ഷാ ഫീച്ചർ കൂടി പുതിയ ഫോണുകളിൽ ഗൂഗിൾ ഉൾപ്പെടുത്തും എന്ന് റിപ്പോർട്ടുകളുണ്ട്. 5000 എം എ എച്ച് ബാറ്ററി, 12 ജി ബി റാം എന്നിവയാണ് പിക്സൽ 6 പ്രോ വേരിയൻ്റിൽ പ്രതീക്ഷിക്കുന്ന മറ്റു ചില ഫീച്ചറുകൾ.