റഷ്യയിൽ പ്രവർത്തനം നിർത്തിവെച്ച് ആപ്പിൾ
റഷ്യയിൽ മുഴുവൻ ഉത്പന്നങ്ങളുടെയും വിൽപ്പനയും സേവനങ്ങളും നിർത്തിവെച്ച് ടെക്നോളജി ഭീമൻ ആപ്പിൾ. ഉക്രയ്ൻ അധിനിവേശത്തിൽ പ്രതിഷേധിച്ചാണ് നടപടി.
റഷ്യയുടെ ഉക്രയ്ൻ അധിനിവേശത്തിൽ തങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്നും അതിനോടുള്ള പ്രതികരണമായി മുഴുവൻ ഉത്പന്നങ്ങളുടെ വിൽപ്പനയും ആപ്പിൾ സേവനങ്ങളും താത്കാലികമായി നിർത്തിവെയ്ക്കുന്നതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ആപ്പിൾ പേ പോലുള്ള ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്തും. രാജ്യത്തിന് പുറത്ത് റഷ്യൻ സ്റ്റേറ്റ് മീഡിയ അപ്ലിക്കേഷനുകളുടെ ലഭ്യത നിയന്ത്രിച്ചിട്ടുണ്ടെന്നും ആപ്പിൾ പറഞ്ഞു.
രാജ്യത്തെ സെയിൽസ് ചാനലിലേക്കുള്ള മുഴുവൻ കയറ്റുമതിയും നിർത്തിവെച്ചതായി പ്രസ്താവനയിലുണ്ട്. ആപ്പിൾ പേ ഉൾപ്പെടെയുള്ള സേവനങ്ങളും പരിമിതപ്പെടുത്തി. ആപ്പ് സ്റ്റോറിൽ നിന്ന് ആർ ടി ന്യൂസ്, സ്പുട്നിക് ന്യൂസ് എന്നിവ ഡൗൺലോഡ് ചെയ്യാനാവില്ല. ഉക്രേനിയൻ പൗരന്മാരുടെ സുരക്ഷ മുൻനിർത്തി ഉക്രയ്നിലെ ആപ്പിൾ മാപ്പിൽ ട്രാഫിക്കും ലൈവ് സംഭവങ്ങളും പ്രവർത്തന രഹിതമാക്കിയതായും പ്രസ്താവനയിൽ പറയുന്നു.