കൊവിഡ് നഷ്ടപരിഹാരം; അപേക്ഷിക്കേണ്ടത് ഓണ്‍ലൈന്‍ വഴി, പണം നേരിട്ട് അക്കൗണ്ടില്‍
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവർക്കുള്ള നഷ്ടപരിഹാരത്തിന് ഓൺലൈൻ ആയി അപേക്ഷിക്കാൻ പ്രത്യേക പോർട്ടൽ വരുന്നു. നഷ്ടപരിഹാരം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ അനുവദിച്ച് സംസ്ഥാനസർക്കാർ ഉത്തരവിറക്കിയിരുന്നു. അപേക്ഷയിൽ അവശ്യപ്പെടേണ്ട വിവരങ്ങൾ സംസ്ഥാന ദുരന്തനിവാരണവകുപ്പ് തയ്യാറാക്കി കഴിഞ്ഞു. പോർട്ടൽ പ്രവർത്തനക്ഷമമായാൽ ഉടൻ അപേക്ഷകൾ നൽകാനാവും. മരിച്ചവരുടെ ബന്ധുക്കൾക്ക് സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം മരണപ്പട്ടികയിൽ കൂട്ടിച്ചേർക്കലുകൾ പൂർത്തിയാക്കിയതിന് ശേഷമാവും നഷ്ടപരിഹാര വിതരണം സുഗമമാകുക. നഷ്ടപരിഹാരം അവകാശപ്പെടുന്ന ആശ്രിതരുടെ അർഹത വില്ലേജ് ഓഫീസർമാർ പരിശോധിച്ച ശേഷമാണ് അപേക്ഷകൾ തഹസിൽദാർമാർക്ക് നൽകുക. പരാതിപരിഹാരത്തിന് പ്രത്യേക സംവിധാനമുണ്ടാവും.