സാങ്കേതിക സർവകലാശാലയിലെ വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ ഡോ.സിസ തോമസിന് നൽകിയ ഗവർണറുടെ തീരുമാനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് സർക്കാർ തീരുമാനം. നിയമനം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളിയ കോടതി സർവകലാശാലയിൽ സ്ഥിരം വി.സിയെ ഉടൻ നിയമിക്കാൻ നിർദ്ദേശിച്ചിരുന്നു. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ച് സിസ്സ തോമസിന് വി.സിയാകാൻ അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹർജി ഹൈക്കോടതി തള്ളിയത്. സിസ്സ തോമസിന്‍റെ നിയമനം ഹ്രസ്വകാലത്തേക്കാണെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ഥിരം വി.സിയെ എത്രയും വേഗം നിയമിക്കണമെന്നും ഇടക്കാല വി.സി നിയമനത്തിനായി സർക്കാർ സമർപ്പിച്ച പട്ടികയിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇല്ലെന്ന ഗവർണറുടെ വാദം അംഗീകരിച്ചു കൊണ്ട് കോടതി നിർദ്ദേശിച്ചു. നിയമനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി കെടിയു വിസിയുടെ നിയമനം സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രോ വി.സിക്ക് ആ സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ല. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉദ്യോഗസ്ഥനാണെന്നും അക്കാദമിക് യോഗ്യതകളില്ലാത്തതിനാൽ വി.സിയാകാൻ അർഹതയില്ലെന്നും കോടതി പറഞ്ഞു. കെ.ടി.യു വി.സി നിയമനത്തിനെതിരായ സർക്കാർ ഹർജി അപൂർവ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധി പ്രസ്താവിച്ചത്.