അഴീക്കോട് - മുനമ്പം പാലത്തിന്‍റെ ടെണ്ടറിന് അംഗീകാരം
എറണാകുളം - തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് - മുനമ്പം പാലത്തിന്‍റെ ടെണ്ടറിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത് തീരമേഖലയുടെ വികസനകുതിപ്പിന് ഗുണകരമാകുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തീരദേശ ഹൈവേയുടെ ഭാഗമായുള്ള അഴീക്കോട് - മുനമ്പം പാലത്തിന്‍റെ 143.28 കോടി രൂപയുടെ ടെണ്ടറിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ഇതോടെ പാലം പ്രവൃത്തിക്കുള്ള പ്രധാനപ്പെട്ട പ്രവര്‍ത്തനത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. പാലം പ്രവൃത്തി ആരംഭിക്കുന്നതിനുള്ള മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കാന്‍ കെ ആര്‍ എഫ് ബി - പ്രൊജക്ട് മാനേജ്മെന്‍റ് യൂണിറ്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമയബന്ധിതമായി മറ്റ് പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാക്കി പാലം പ്രവൃത്തിയിലേക്ക് എത്തിക്കാനാകും.
പാലം നിര്‍മ്മാണം സാധ്യമാക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് നിരന്തരം ഇടപെടലുകള്‍ നടത്തി വരികയായിരുന്നു. അവിടെ സ്ഥലം സന്ദര്‍ശിക്കുകയും പ്രത്യേകം യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ചെയ്ത് പാലത്തിനുള്ള സാങ്കേതിക വിഷയങ്ങള്‍ പരിഹരിക്കാനാണ് ശ്രമിച്ചത്. എംഎല്‍എമാരായ എന്‍ ഉണ്ണികൃഷ്ണന്‍, ടൈസന്‍ മാസ്റ്റര്‍ എന്നിവരും ഇരു ജില്ലകളിലേയും മന്ത്രിമാരും ഈ പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഇടപെടലുകളില്‍ സജീവമായി നിലകൊണ്ടുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.