ലണ്ടനിൽ കണ്ടെത്തിയ റോമൻ മൊസയ്കിന് 2000 വർഷത്തെ പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകർ
അരനൂറ്റാണ്ടിലേറെയായി ഭൂമിക്കടിയിൽ മറഞ്ഞുകിടന്ന റോമൻ മൊസൈക്കിന്റെ വിശാലമായ ഒരു പ്രതലം പുരാവസ്തു ഗവേഷകർ കണ്ടെത്തി. കുറഞ്ഞത് 2000 വർഷമെങ്കിലും പഴക്കമുളള അത്യപൂർവമായ പുരാവസ്തുവാണ് കണ്ടെടുത്തതെന്ന് ഗവേഷകർ അവകാശപ്പെട്ടു.
രണ്ട് പാനലുകളിലായി വലിപ്പം കൂടിയതും വർണാഭവുമായ പൂക്കൾ കൊണ്ടും ജ്യാമിതീയ രീതിയിലുള്ള പാറ്റേണുകൾ കൊണ്ടും അലങ്കരിച്ച മൊസയ്ക് തനതായ ലണ്ടൻ ശൈലിയിൽ ഡിസൈൻ ചെയ്തതാണ്. ഒരു റോമൻ കുടുംബത്തിൻ്റെ ഡൈനിംഗ് റൂമിന്റെ പ്രതലം അലങ്കരിച്ചതാണ് പ്രസ്തുത നിർമിതി എന്നാണ് കരുതപ്പെടുന്നത്.
സൗത്ത്‌വാർക്കിലെ ഷാർഡിന് സമീപം ഒരു പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി നടത്തിയ ഖനനത്തിലാണ് മ്യൂസിയം ഓഫ് ലണ്ടൻ ആർക്കിയോളജി (എം ഒ എൽ എ) ഇത് കണ്ടെത്തിയത്.