അരേക്കാപ്പ് കോളനി റോഡ് നിർമ്മാണം; കലക്ടർ സ്ഥലം സന്ദർശിച്ചു
ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് പട്ടിക വർഗ കോളനിയിൽ റോഡ് നിർമ്മിക്കുന്നതുമായിബന്ധപ്പെട്ട് കലക്ടർ ഹരിത വി കുമാർ സ്ഥലം സന്ദർശിച്ചു.
പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടു കിടക്കുന്ന അരേക്കാപ്പ് കോളനിയിലേക്ക് റോഡ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പട്ടിക വർഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഇതോടനുബന്ധിച്ചായിരുന്നു കലക്റുടെ സന്ദർശനം. പ്രദേശത്തെ നിലവിലെ സ്ഥിതിഗതികൾ കലക്ടർ വിലയിരുത്തി. സനീഷ് കുമാർ ജോസഫ് എം എൽ എയും ബന്ധപ്പെട്ട അധികൃതരും കലക്ടറോടൊപ്പമുണ്ടായിരുന്നു. അതിരപ്പിള്ളി മലക്കപ്പാറയിൽ നിന്ന് 4 കിലോമീറ്റർ അകലെ ഉൾക്കാട്ടിലാണ് 45 കുടുംബങ്ങൾ താമസിച്ചു വരുന്നത്. വനാവകാശ നിയമമനുസരിച്ച് ലഭിച്ച 148 ഏക്കർ ഭൂമിയിലെ കൃഷിയും ഇടമലയാർ അണക്കെട്ടിൽ നിന്നുള്ള മൽസ്യബന്ധനവുമാണ് ഇവരുടെ ഉപജീവനമാർഗം. മലക്കപ്പാറയിൽ നിന്ന് അരേക്കാപ്പിലേക്ക് റോഡ് നിർമിക്കാൻ 20 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി റോഡിന്റെ പ്രാരംഭ പണികൾ നവംബർ രണ്ടാം വാരത്തിൽ ആരംഭിക്കും. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട സർവ്വേക്കാവശ്യമായ തുക ഉടൻ സർക്കാരിൽ നിന്ന് അനുവദിക്കും. റോഡ് നിർമാണം പൂർത്തിയായാൽ മാത്രമേ കോളനിയിൽ, വൈദ്യുതി, കുടിവെള്ളം, വീട്, സ്കൂൾ തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിയൂ. എം എൽ എ ഫണ്ട്, തൊഴിലുറപ്പ്, പൊതുമരാമത്ത്, ടി എസ്പി വിഹിതം, തദ്ദേശ വിഹിതം, തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് റോഡ് നിർമാണത്തിന് തുക കണ്ടെത്തുക.