അന്തിമവിധി പറയാൻ അര്‍ജന്റീനയും ഫ്രാന്‍സും; കലാശപ്പോരിനൊരുങ്ങി ലുസൈൽ
ലുസെയ്ല്‍: അറേബ്യൻ മണ്ണ് ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്‍റെ ഫൈനലിൽ അർജന്‍റീനയും ഫ്രാൻസും ഞായറാഴ്ച രാത്രി ഏറ്റുമുട്ടും. നിരവധി അട്ടിമറികൾ നടന്ന ചാമ്പ്യൻഷിപ്പിൽ ലയണൽ മെസിയും കിലിയൻ എംബാപ്പെയും അന്തിമ വിധി പറയാൻ ഒരുങ്ങി. ഞായറാഴ്ച രാത്രി 8.30 മുതൽ ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. സെമിയിൽ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അർജന്‍റീന ഫൈനലിൽ എത്തിയതെങ്കിൽ, മൊറോക്കോയെ തോൽപ്പിച്ചാണ് ഫ്രാൻസിന്റെ വരവ്. 2018ലെ റഷ്യൻ ലോകകപ്പിലെ വിജയികളായ ഫ്രാൻസിന്‍റെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. 1986ലാണ് അർജന്‍റീന അവസാനമായി കിരീടം നേടിയത്. 2014ൽ അവർ ഫൈനലിലെത്തിയിരുന്നു. ഇരുടീമുകളും മുമ്പ് രണ്ട് തവണ കിരീടം നേടിയിട്ടുണ്ട്. ബ്രസീൽ, ജർമ്മനി, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ, ബെൽജിയം എന്നിവരെല്ലാം വീണുപോയെങ്കിലും 22-ാമത് ലോകകപ്പിൽ ക്ലാസിക് ഫൈനൽ അരങ്ങേറുന്നതിന്റെ സന്തോഷത്തിലാണ് കായിക ലോകം. രണ്ട് പതിറ്റാണ്ടിലേറെയായി ലോക ഫുട്ബോളിനെ പ്രചോദിപ്പിക്കുന്ന അർജന്‍റീനയുടെ പ്രധാന താരം ലയണൽ മെസിയുടെ അവസാന ലോകകപ്പായിരിക്കും ഇത്.