അര്‍ജന്റീനൻ താരം ലോ സെല്‍സോയ്ക്ക് പരിക്ക്, ലോകകപ്പ് നഷ്ടമായേക്കും
ബ്യൂണസ് ഐറിസ്: ലോകകപ്പിന് 10 ദിവസം മാത്രം ബാക്കി നിൽക്കെ അർജന്‍റീനയ്ക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ ജിയോവാനി ലോ സെല്‍സോയ്ക്ക് ലോകകപ്പ് നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. തുടയിലെ പേശികൾക്ക് പരിക്കേറ്റതാണ് താരത്തിന് വെല്ലുവിളിയായത്. താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും ലോകകപ്പിൽ കളിക്കാൻ കഴിയില്ലെന്നും അർജന്‍റീന മാധ്യമങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ലാ ലിഗയില്‍ ഒക്ടോബര്‍ 30-ന് നടന്ന വിയ്യാറയല്‍-അത്‌ലറ്റിക് ബില്‍ബാവോ മത്സരത്തിനിടെ വിയ്യാറയല്‍, താരത്തെ പിന്‍വലിച്ചിരുന്നു. തുടർന്ന് നടത്തിയ സ്കാനിംഗിൽ തുടയിലെ പേശികൾക്ക് പരിക്കേറ്റതായി കണ്ടെത്തി. അർജന്‍റീന പരിശീലകൻ ലയണല്‍ സ്‌കലോണിയുടെ ടീമിലെ സ്ഥിരാംഗമാണ് ലോ സെൽസോ. 2021 ൽ കോപ്പ അമേരിക്ക നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഉൾപ്പെടെ മികച്ച അസിസ്റ്റുകൾ നേടിയ താരത്തിന്‍റെ അഭാവം ടീമിന് വലിയ തിരിച്ചടിയാകും.