വി എസിനെ സന്ദർശിച്ച് ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: സർക്കാർ-ഗവർണർ തർക്കം രൂക്ഷമായതിന് പിന്നാലെ വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ 10 മണിയോടെയാണ് ഗവർണർ വിഎസ് അച്യുതാനന്ദന്‍റെ വീട്ടിലെത്തിയത്. തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാൽ ജന്മദിനത്തിൽ അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. അതിനാലാണ് ഇന്ന് വിഎസിനെ സന്ദർശിച്ചതെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. വിഎസിന്‍റെ കുടുംബാംഗങ്ങൾക്ക് ഉപഹാരങ്ങളും ഗവർണർ കൈമാറി. ഗവർണർക്കെതിരെ ഇടത് സംഘടനകൾ പരസ്യ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിഎസിന്‍റെ വീട്ടിൽ ഗവർണറുടെ സന്ദർശനം. വിസിമാരെ നീക്കം ചെയ്ത ഹൈക്കോടതി ഉത്തരവിൽ പ്രതികരണത്തിനായി മാധ്യമങ്ങൾ അദ്ദേഹത്തെ സമീപിച്ചെങ്കിലും പരസ്യപ്രതികരണത്തിനില്ലെന്ന നിലപാടിലാണ് അദ്ദേഹം. ഇന്നലെ രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗവർണർ നാല് മാധ്യമങ്ങളെ ഒഴിവാക്കിയിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാൻ ഞാൻ തയ്യാറാണ്. എന്നാൽ മാധ്യമപ്രവർത്തകരുടെ പേരിൽ വരുന്ന പാർട്ടി പ്രവർത്തകരോട് സംസാരിക്കില്ലെന്ന നിലപാടിലാണ് ഗവർണർ. ഇന്നലെ രാവിലെ പൊതുചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴും പ്രതികരണം തേടിയ മാധ്യമങ്ങളോട് ഗവർണർ ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു.