വെന്റിലേറ്റർ ആവശ്യകത നിർണയിക്കാൻ ആർടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വികസിപ്പിച്ച് അമേരിക്കൻ ഗവേഷകർ
കൊവിഡ് ബാധിതനായ ഒരു രോഗിക്ക് വെന്റിലേറ്ററിന്റെ സഹായം ആവശ്യമാണോ? കൃത്യതയില്ലാത്ത അനുമാനങ്ങളെ മാറ്റിനിർത്തി തികച്ചും ശാസ്ത്രീയമായി ഇക്കാര്യത്തിൽ ഒരു തീരുമാനം എങ്ങനെ കൈക്കൊള്ളാം? അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കൻ ഗവേഷകർ.
രോഗികൾക്ക് വെന്റിലേറ്റർ സപ്പോർട്ട് ആവശ്യമുണ്ടോ എന്നതിൽ ശാസ്ത്രീയമായ നിഗമനത്തിലെത്താൻ കഴിവുള്ള ആർടിഫിഷ്യൽ സാങ്കേതിക വിദ്യയാണ് അമേരിക്കൻ ഗവേഷകർ വികസിപ്പിച്ചത്. യു എസിലെ കെയ്സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് സി ടി സ്കാൻ അപഗ്രഥനത്തിലൂടെ വെന്റിലേറ്ററിന്റെ ആവശ്യകത നിർണയിക്കുന്ന നൂതനമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
നിലവിൽ 84 ശതമാനം കൃത്യതയോടെയുള്ള ഫലമാണ് പുതിയ സാങ്കേതികവിദ്യ നൽകുന്നതെന്ന് ഗവേഷകർ അവകാശപ്പെട്ടു. ഡീപ് ലേണിങ്ങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കമ്പ്യൂട്ടറുകളുടെ സഹായത്തോടെയാണ് ഇതിൻ്റെ പ്രവർത്തനം. വെന്റിലേറ്റർ സഹായം ആവശ്യമായവരെ ശാസ്ത്രീയമായി കണ്ടെത്താനാവും. അതുവഴി ആവശ്യക്കാർക്ക് മാത്രമായി അവയുടെ ഉപയോഗം പരിമിതപ്പെടുത്താം. ആശുപത്രികളിലെ വെന്റിലേറ്റർ മാനേജ്മെന്റ്കുറ്റമറ്റതാക്കാനും ഇതുവഴി കഴിയും. ഹൃദയ സംബന്ധമായ അസുഖങ്ങൾ അധികരിക്കാൻ സാധ്യതയുള്ള രോഗികളെ അതിവേഗം തിരിച്ചറിയാനും സാധിക്കും.
രോഗികൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സിക്കുന്ന ഡോക്ടർമാർക്കുമെല്ലാം ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്ന് കെയ്സ് വെസ്റ്റേൺ റിസർവ് സർവകലാശാല ബയോ മെഡിക്കൽ എഞ്ചിനീയറിങ്ങ് വിഭാഗം പ്രൊഫസറും ഗവേഷണത്തിൽ പങ്കാളിയുമായ ഡോ. ആനന്ദ് മദാബുഷി അഭിപ്രായപ്പെട്ടു.