ബ്രസീലിലെ അട്ടിമറി നീക്കം പൊളിച്ച് സൈന്യം; ആയിരങ്ങൾ അറസ്റ്റിൽ

ബ്രസീല്‍: സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി ബ്രസീൽ സൈന്യം. കാപ്പിറ്റോൾ കലാപത്തിന്‍റെ മാതൃകയിൽ മുൻ പ്രസിഡന്‍റ് ജെയിർ ബൊൾസനാരോയുടെ അനുയായികൾ നടത്തിയ അട്ടിമറി ശ്രമം സൈന്യം പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകനേതാക്കളും അക്രമത്തെ അപലപിച്ചു. 2021 ലെ അമേരിക്കയിലെ ക്യാപിറ്റോൾ ആക്രമണത്തിൻ്റെ ആവർത്തനത്തിനാണ് ബ്രസീൽ സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയ്യാറാകാത്ത ബോൾസൊനാരോയുടെ അനുയായികൾ തന്ത്രപ്രധാനമായ മേഖലകളിലേക്ക് ഇരച്ചു കയറി. ബ്രസീലിയൻ പാർലമെന്‍റ് മന്ദിരത്തിൽ അഴിഞ്ഞാടി. മൂവായിരത്തോളം കലാപകാരികളാണ് ആക്രമണം നടത്തിയത്. തുടർന്ന് അക്രമികൾ സുപ്രീം കോടതിയിലേക്കും പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്കും ഇരച്ചുകയറി. സർക്കാർ വാഹനങ്ങളും, ഉദ്യോഗസ്ഥരും, പോലീസുകാരും തെരുവിൽ ആക്രമിക്കപ്പെട്ടു.   ആക്രമണം നടക്കുന്ന സമയത്ത് സാവോ പോളോയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്നു പ്രസിഡന്‍റ്. തിടുക്കത്തിൽ തലസ്ഥാനമായ ബ്രസീലിയയിലേക്ക് മടങ്ങിയെത്തിയ ലുല ഡാ സിൽവ മുതിർന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് സൈന്യം രംഗത്തുവന്നു. 1,200 ലധികം അക്രമികളെ അറസ്റ്റ് ചെയ്തു. തന്ത്രപ്രധാനമായ പ്രദേശങ്ങൾ തിരിച്ചുപിടിച്ചു.

Related Posts