'ധോണി'യുടെ ശരീരത്തില്‍ 15-ഓളം പെല്ലെറ്റുകള്‍; നാടന്‍ തോക്കുകളില്‍ നിന്നെന്ന് സംശയം
പാലക്കാട്: വനംവകുപ്പ് നടത്തിയ പരിശോധനയിൽ 'ധോണി' (പി.ടി-7) എന്ന കാട്ടാനയുടെ ശരീരത്തിൽ നിന്ന് 15 ഓളം പെല്ലറ്റുകൾ കണ്ടെടുത്തു. സ്ഥിരമായി ജനവാസമുള്ള പ്രദേശത്ത് ഇറങ്ങുന്ന ആനയെ തുരത്താൻ നാടൻ തോക്കുകളിൽ നിന്ന് ഉതിർത്തതാകാം പെല്ലറ്റുകൾ എന്നാണ് സംശയം. ഇത്തരത്തിൽ പെല്ലറ്റുകൾ ശരീരത്തിൽ തറച്ചത് ആന കൂടുതൽ അക്രമാസക്തനാകാൻ കാരണമായിരിക്കാമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. ചില പെല്ലറ്റുകൾ വനംവകുപ്പ് അധികൃതർ തന്നെ നീക്കം ചെയ്തിട്ടുണ്ട്. ധോണി ഫോറസ്റ്റ് ഡിവിഷൻ ഓഫീസിനു സമീപമുള്ള കൂട്ടിലാണ് പിടി 7 ഇപ്പോൾ ഉള്ളത്. കൂട്ടിലുള്ള 'ധോണി' രാത്രിയിൽ ബഹളമുണ്ടാക്കാതെ ശാന്തനായി തുടരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചിലപ്പോൾ ധോണി പാപ്പാന്മാരോട് ചെറിയ രീതിയിൽ ദേഷ്യപ്പെടും. കൊമ്പുകൾ ഉപയോഗിച്ച് അഴികൾ ഇളക്കാനും രണ്ട് കാലുകളും കൂടിന്‍റെ മുകളിലേക്ക് ഉയർത്തി അഴികൾ പുറത്തേക്ക് വലിച്ചെറിയാനും ശ്രമിക്കുന്നുണ്ട്. ധോണിയെ പിടികൂടാൻ വയനാട്ടിൽ നിന്നെത്തിയ സംഘം ചൊവ്വാഴ്ച മടങ്ങിയിരുന്നു.