അഞ്ചര ലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നു; ഫയൽ തീർപ്പാക്കൽ യഞ്ജം പാളി

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച തീവ്ര യജ്ഞ പരിപാടി പരാജയപ്പെട്ടു. സെപ്റ്റംബർ 30 നകം ഫയൽ തീർപ്പാക്കാൻ കർശന നിർദേശം നൽകിയിരുന്നെങ്കിലും പകുതി ഫയലുകൾ പോലും ക്ലിയർ ചെയ്തിട്ടില്ല. സമയപരിധി ഒരു മാസം കൂടി നീട്ടിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഓരോ ഫയലും ഒരു ജീവിതമാണെന്ന പ്രസിദ്ധമായ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫയൽ തീര്‍പ്പാക്കൽ ഡ്രൈവ് പ്രഖ്യാപിച്ചത്. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് പ്രത്യേക കർമ്മപദ്ധതി തീരുമാനിച്ചത്. സമയപരിധി കഴിഞ്ഞ് പത്ത് ദിവസം കൂടി പിന്നിടുമ്പോൾ സർക്കാർ ഓഫീസുകളിലെ സ്ഥിതി പരിതാപകരമാണ്. ഓഗസ്റ്റ് 15 വരെ സെക്രട്ടേറിയറ്റിലും വിവിധ ഡയറക്ടറേറ്റുകളിലുമായി 8,53,088 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിൽ 3,28,910 ഫയലുകൾ തീർപ്പാക്കി. 5,24,178 ഫയലുകൾ കെട്ടികിടക്കുകയും ചെയ്യുന്നു. അതായത്, തീവ്ര യജ്ഞം പ്രഖ്യാപിച്ചിട്ടും ഫയലിന്‍റെ 38 ശതമാനം മാത്രമാണ് തീർപ്പാക്കിയത്.

Related Posts