ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയവരെ കണ്ടാൽ തിരിച്ചറിയാമെന്ന് അർഷിത
പാലക്കാട്: ആർ എസ് എസ് പ്രവർത്തകനെ വെട്ടികൊലപ്പെടുത്തിയ കേസിൽ നിർണായക മൊഴിയുമായി ഭാര്യ അർഷിത. ഭർത്താവിനെ വെട്ടികൊലപ്പെടുത്തിയവരെ കണ്ടാൽ തിരിച്ചറിയാമെന്നും എവിടുത്തുകാരണെന്നു അറിയില്ലെന്നും അഞ്ചുപേരാണ് ആക്രമണം നടത്തിയത്, പിന്നീട് എല്ലാവരും കൂടി സഞ്ജിത്തിനെ വെട്ടുകയായിരുന്നു എന്ന് സഞ്ജിതിന്റെ ഭാര്യ അർഷിത പറഞ്ഞു.
ഇന്നലെയാണ് എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്ത് (27) കൊല്ലപ്പെട്ടത് .ഇന്നലെ രാവിലെ 8 .45ന് ദേശീയപാതയ്ക്ക് സമീപം മമ്പറത്തുവച്ചായിരുന്നു ആക്രമണം. സംഘത്തിലുണ്ടായിരുന്ന ഒരാൾ സഞ്ജിത്തിന്റെ ഭാര്യയെ ബലമായി തടഞ്ഞുനിറുത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്. രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിനു പിന്നിൽ എസ് ഡി പി ഐ യാണെന്ന് ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ കെ എം ഹരിദാസ് ആരോപിച്ചു.
തലയിലേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണം. ശരീരത്തിലാകെ 30 ലധികം വെട്ടുണ്ട്. വീട്ടിൽ നിന്നിറങ്ങി 500 മീറ്റർ പിന്നിട്ടപ്പോൾ റോഡിലെ കുഴിയുള്ള ഭാഗത്തുവച്ച് ബൈക്കിന്റെ വേഗത കുറച്ചപ്പോൾ അക്രമി സംഘം മാരുതി ആൾട്ടോ കാറിലിരുന്നുകൊണ്ടു ആദ്യം കൈയിൽ വെട്ടി. ദമ്പതികൾ നിലത്തുവീണപ്പോൾ സംഘം കാറിൽ നിന്നിറങ്ങി. ഒരാൾ ഭാര്യയെ മാറ്റിനിറുത്തി. മറ്റു നാലുപേർ വളഞ്ഞുനിന്ന് ആക്രമിക്കുകയായിരുന്നു . കൈകൾക്കും കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ് തൽക്ഷണം മരിച്ചു. കൈവിരൽ അറ്റിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമികൾ മടങ്ങിയത്. ഓടിക്കൂടിയവർ ഓട്ടോറിക്ഷയിലാണ് സഞ്ജിത്തിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.