പുത്തൻകടപ്പുറം സ്കൂളിൽ ആർട്ട് ആൻഡ് കൾച്ചറൽ ബ്ലോക്ക് കെട്ടിട ഉദ്ഘാടനം ചെയ്തു
ചാവക്കാട് നഗരസഭ പുത്തൻ കടപ്പുറം ഗവണ്മെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്ക്കൂളിൽ പുതിയ ആർട്ട് ആൻഡ് കൾച്ചറൽ ബ്ലോക്ക് കെട്ടിടം എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർഎംഎസ്എ വിഹിതമായ 5 ലക്ഷം രൂപയും നഗരസഭയുടെ പദ്ധതി വിഹിതമായ 6,57,000 രൂപയും ഉൾപ്പെടെ 11,57,000 രൂപ വകയിരുത്തിയാണ് നഗരസഭ പുതിയ കെട്ടിടം നിർമിച്ച് നൽകിയത്. ചാവക്കാട് നഗരസഭ അധ്യക്ഷ ഷീജ പ്രശാന്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജി ആർ എഫ് ടി എച്ച് എസ് പുത്തൻകടപ്പുറം സ്കൂൾ ഹെഡ് മിസ്ട്രസ് ടി കെ മേഴ്‌സി, നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ എ വി മുഹമ്മദ് അൻവർ, നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ, നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ, മുനിസിപ്പൽ എൻജിനീയർ പി പി റിഷ്മ, കൗൺസിലർമാർ, വിദ്യാർത്ഥികൾ, അധ്യാപകർ, നഗരസഭ ജീവനക്കാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.