ജാതിക്കും മതത്തിനും അതീതമായി നില കൊള്ളുന്നത് കല മാത്രം: വിദ്യാധരൻ മാസ്റ്റർ
തൃപ്രയാർ: ജാതിക്കും മതത്തിനും അതീതമായി നിലകൊള്ളുന്നത് കലയും കലാകാരനും മാത്രമാണെന്ന് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. തൃപ്രയാർ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഒരുക്കുന്ന സ്നേഹസംഗീതം ഓഡിഷൻ ഫ്ലോർ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയെയും സംഗീതത്തെയും സ്നേഹിക്കാൻ കഴിയുന്നവർക്കേ മനുഷ്യനോട് കാരുണ്യം കാണിക്കാനും സേവനം ചെയ്യാനും കഴിയുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈപ്പമംഗലം എം എൽ എ ടൈസൺ മാസ്റ്ററും മുൻ നാട്ടിക എം എൽ എ ഗീത ഗോപിയും സന്നിഹിതരായിരുന്ന ചടങ്ങിന്, പ്രോഗ്രാം ഡയക്ടർ ജിഹാസ് വലപ്പാട് അദ്ധ്യക്ഷനായി, തളിക്കുളം ബ്ലോക്ക് പ്രസിഡണ്ട് കെ സി പ്രസാദ്, നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ, വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക്, തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത, കവയിത്രി ബൽക്കീസ് ബാനു, വാർഡ് മെമ്പർ കെ ബി ഷൺമുഖൻ, ആർ ഐ സക്കറിയ, മുഹ്സിൻ പാണ്ടികശാല എന്നിവർ ആശംസകൾ നേർന്നു.
ഉദ്‌ഘാടനത്തെ തുടർന്ന് നടന്ന 'സംഗീത സന്ധ്യ' (ജുഗൽ ബന്ദി) പ്രമുഖ സംഗീത പ്രതിഭകളായ നൗഷാദ് മാസ്റ്റർ, പി ജെ ആന്റണി, കിഷോർ കുമാർ, വേണുഗോപാൽ മുംബൈ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രകടനം കൊണ്ട് ശ്രദ്ധേയമായി. മുഹ്സിൻ പാണ്ടികശാല, ദേവി രാജ്, മിംന മണിലാൽ, ഷെരീഫ് പാണ്ടികശാല എന്നിവരുടെ ഗാനാലാപനവും ചടങ്ങിന് മാധുര്യമേറി. ഫിലിം ഡയറക്ടർ ഷൈജു അന്തിക്കാട് ഉൾപ്പെടെ നിരവധി കലാപ്രതിഭകളെ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹാദരവ് നൽകി.
പ്രമേഹ രോഗം മൂലം കാൽമുട്ട് വരെ മുറിച്ചുമാറ്റിയ രമേഷന് കൃത്രിമ കാലും, ഓട്ടിസം ബാധിച്ച തൃപ്രയാർ എ യു പി സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി അഭിഷേകിന് വീൽചെയറും, ഹൃദ്രോഗ ബാധിതനായ അഷ്റഫ് ചൂലൂരിന് ഒരു മാസത്തേക്കുള്ള മരുന്നും ചടങ്ങിൽ സ്നേഹത്തണൽ നൽകുകയുണ്ടായി.
പ്രോഗ്രാം കൺവീനർ രാജൻ പട്ടാട്ട്, ട്രസ്റ്റ് പ്രസിഡണ്ട് അബ്ദുൾ ഗഫൂർ വി സി, ജനറൽ സെക്രട്ടറി എം എ സലിം, പ്രോഗ്രാം കോഡിനേറ്റർ സുനിൽകുമാർ ഉള്ളാട്ടിൽ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡണ്ട് വസന്ത ദേവലാൽ നന്ദി രേഖപ്പെടുത്തി.