പെയ്തുമാഞ്ഞതും പെയ്തുതോരാത്തതും പെയ്യാതെ പോയതുമായ മഴകൾ.

" നിറയെ പൊന്നിട്ട നവവധുവിനെപ്പോലെ നമ്രമുഖിയായ നെൽക്കതിർ മെല്ലെത്തൊടും കാറ്റിലേയ്ക്ക്‌ ചായും; മഴച്ചാർത്തിനും വെയിലൊളിയ്ക്കുമിടയിലൂടെ ചുകപ്പുവാലൻ തുമ്പികൾ തുമ്പക്കുടങ്ങളെ തേടിവരും; തൊടിയിലെവിടേയും മുക്കുറ്റിയുടെ ഉച്ചഭാഷിണികൾ മഞ്ഞത്തലപ്പുയ്യർത്തും; ചിങ്ങമഴയുടെ നനുത്ത ശീലുകൾ നീക്കി, ഓണത്തപ്പൻ അരിമാവണിയും. "

ഓരോ കാലങ്ങളിലും ആകാശസഞ്ചാരം ചെയ്ത്‌ ചക്രവാളം മുറിച്ചുനീന്താൻ ശ്രമിച്ച മേഘശരീരികൾ ഓരോ ജീവനിലും ആവേശിയ്ക്കുന്നത്‌ ആഴത്തിലും പരപ്പിലും വ്യത്യസ്ഥമായാണ്.

വേനൽച്ചൂടൊതുക്കി വീഴുന്ന തുള്ളികൾ, കിഴക്കേച്ചെരിവിലെ മുളങ്കൂട്ടത്തിൽ ചരൽക്കല്ലുപോലെ വീഴും. തൊട്ടുതാഴേത്തട്ടിലെ ചെമ്പരത്തിയിലും തെച്ചിപ്പൂക്കളിലും സൌമ്യരായിത്തൊടും. നിറഞ്ഞുപൂത്ത നന്ത്യാർവട്ടത്തിന്റെ കവിളിൽ കുളിരുവീഴും.

പതിയെ മുറ്റത്തേയ്ക്കിറങ്ങി, ചടുലനൃത്തച്ചുവടുകൾ വയ്ക്കും. വീടിന്റെ എറാലിയിൽ ചില്ലുതോരണം തൂക്കും.

ചിങ്ങമാസത്തിന്റെ മുഖം മിനുക്കാൻ ചിന്നിത്തെന്നിച്ചാറുന്ന മഴത്തൂളുകൾ, തെളിഞ്ഞുപരന്ന ഓണവെയിൽ തൊട്ട് പ്രകാശരേണുക്കളാകുന്നത്..

അതിനൊപ്പം വിടർന്ന മഴവില്ലിൽ നിന്ന്‌, നിറങ്ങളോരോന്നും താഴേയ്ക്കിറ്റുവീണ്, പടിഞ്ഞാറേപ്പാടത്തെ നെടിയവരമ്പിൻ വശങ്ങളിലും അപ്പുറമിപ്പുറം ഇല്ലിക്കൂട്ടിലും പൊന്തപ്പടർപ്പിലുമെല്ലാം വർണ്ണവസന്തം വിരിയിയ്ക്കുന്നത്...

ബാല്യത്തിലും കൌമാരത്തിലും യൌവ്വനാരംഭത്തിലും കണ്ടതും കൊണ്ടതുമായ മഴകൾക്ക്‌ തിളക്കമേറെയാണ്.

നിറയെ പൊന്നിട്ട നവവധുവിനെപ്പോലെ നമ്രമുഖിയായ നെൽക്കതിർ മെല്ലെത്തൊടും കാറ്റിലേയ്ക്ക്‌ ചായും; മഴച്ചാർത്തിനും വെയിലൊളിയ്ക്കുമിടയിലൂടെ ചുകപ്പുവാലൻ തുമ്പികൾ തുമ്പക്കുടങ്ങളെ തേടിവരും; തൊടിയിലെവിടേയും മുക്കുറ്റിയുടെ ഉച്ചഭാഷിണികൾ മഞ്ഞത്തലപ്പുയ്യർത്തും; ചിങ്ങമഴയുടെ നനുത്ത ശീലുകൾ നീക്കി, ഓണത്തപ്പൻ അരിമാവണിയും.

നെഞ്ചുപ്പൊട്ടിപ്പെയ്യുന്ന തുലാമേഘങ്ങൾ, ഉറഞ്ഞുതുള്ളി നെറ്റിച്ചോരയൊഴുക്കുന്ന കോമരങ്ങളെപ്പോലെ ഇന്നും ഉള്ളിലെവിടെയോ വെളിച്ചപ്പെടും. അടച്ചുവച്ച സങ്കടങ്ങൾ ഇടിമുഴക്കമായ്‌ ചിതറും. അതിനെല്ലാമൊടുവിൽ, എത്ര കുത്തിയൊലിച്ചുപെയ്താലും ഒരൊറ്റ വെയിൽനാമ്പിന്റെ ചങ്കുറപ്പിൽ സുന്ദരമാകുന്ന ഇടതൂർന്ന പച്ചപ്പും, ഈറനുടുത്ത പ്ലാവിലകളുടെ തെളിമയും പൂർവ്വാധികമായി തിരിച്ചുപിടിയ്ക്കുന്ന മന:ശക്തിയുടേതാകുന്നു.

പൂഴിപുതച്ച ഇടവഴികളും ചെങ്കൽ‌പ്പാതകളും കരിഞ്ഞുണങ്ങിയ ടാർവഴികളും താണ്ടി, കോൺക്രീറ്റ്‌ പാതകളും ആകാശഗോപുരങ്ങളും തിങ്ങിപ്പാർക്കുന്ന മരുഭൂമിയിൽ ഒറ്റയ്ക്ക്‌ പെയ്യുന്ന മഴയെക്കണ്ടു.

പലനാടൻ‌മുഖങ്ങളിൽ പൊടിഞ്ഞുതിർന്ന വിയർപ്പും കണ്ണീരും കൊണ്ട്‌ ഉപ്പേറിയ തുള്ളികളെത്തൊട്ടു.

മേലാകെ ചെറുശൂലങ്ങളോട്ടി, ചുകന്ന പൂക്കടുക്കനിട്ട കള്ളിച്ചെടിയുടെ അതിജീവനത്തിന്റെ ജലവഴികളിൽ നനഞ്ഞു.

പൊങ്ങിപ്പറക്കുന്ന മേഘപ്പരവതാനിയിലേറി സ്വന്തം നാടിന്റെ പച്ചപ്പരപ്പിലേയ്ക്ക്‌ ഊർന്നിറങ്ങാൻ കിട്ടുന്ന പിടിവള്ളികളാണ് വിരുന്നെത്തുന്ന ഈ മഴനൂലുകൾ. കാലഭേദം ചാർത്തിത്തന്ന ഉടുത്തുകെട്ടും ആടയാഭരണങ്ങളുമില്ലാതെ, കുതിർന്ന മണ്ണിൽ കാലൂന്നുന്ന മനസ്സിൽ, ദേവപ്രഭാവമുള്ള സ്വപ്നങ്ങളുടെ പറയെടുപ്പാണ് പിന്നെ.

കടന്നുപോന്ന വർഷങ്ങൾക്കും പെയ്തുതീർന്ന വർഷങ്ങൾക്കും വിടുതൽ കൊടുത്ത്‌, പച്ചപ്പിന്റെ കൈവഴികൾ അത്ര സുലഭമല്ലാത്തൊരിടത്തിരുന്ന്‌, കനിവിന്റെ നിറകുടങ്ങളുമേന്തി പശ്ചിമഘട്ടനിരകൾ കയറിപ്പോകുന്ന ‘കറുത്ത ചെട്ടിച്ചികളെ” കാണുമ്പോൾ, കാറ്റിന്റെ കൈപിടിച്ച്‌ ചാഞ്ഞും ചെരിഞ്ഞും പെയ്യുന്നതിന്റെ ആഹ്ലാദം ഒരുവട്ടം കൂടി ഉൽഘോഷിയ്ക്കുന്നുണ്ട്‌ മനസ്സ്.

പലമടക്കുകളിൽ അടിഞ്ഞുകിടക്കുന്ന, കയ്പ്പും മധുരവും കലർന്ന അനുഭവപടലങ്ങളെ കഴുകിവേർതിരിയ്ക്കാനാവില്ലെങ്കിലും, പണ്ടേയ്ക്കുപണ്ട്‌ പെയ്തുവീണ് ഇനിയും അലിഞ്ഞുതീരാത്ത രസക്കുമിളകളിലേയ്ക്ക് ആനന്ദത്തിന്റെ തുള്ളികളെ ഒളിച്ചുകടത്തുകയാണ് ഓരോ മഴയും.

Related Posts