ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിര്‍മിത ബുദ്ധി; പുത്തൻ സംവിധാനവുമായി എയർടെൽ
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ഭാരതി എയർടെൽ. ഉപഭോക്താക്കളുടെ സംഭാഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന സംവിധാനം ടെക് കമ്പനിയായ എന്‍വിഡിയയുമായി സഹകരിച്ചാണ് എയർടെല്ലിന്‍റെ കോൺടാക്റ്റ് സെന്‍റർ പ്രവർത്തനത്തിന്‍റെ ഭാഗമാക്കിയത്. എയർടെല്ലിന്‍റെ കോൺടാക്റ്റ് സെന്‍ററിലേക്ക് വരുന്ന ഉപഭോക്താക്കളുടെ കോളുകളിൽ 84 ശതമാനവും ഇപ്പോൾ ഓട്ടോമേറ്റഡ് സ്പീച്ച് റെക്കഗ്നിഷൻ അൽഗോരിതം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുമായുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങൾ വേഗത്തിൽ തിരിച്ചറിയുന്നതിനും അവ പരിഹരിക്കുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനും ഇത് സഹായിക്കുന്നു. കോണ്‍ടാക്ട് സെന്ററുകളിലേക്ക് വരുന്ന കോളുകളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ആവശ്യമായ നടപടികളും ഈ സംവിധാനം സ്വമേധയാ പ്രവര്‍ത്തിപ്പിക്കും.