യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളി അരുൺ കുമാർ എം നായർ രണ്ടാം ജീവിതത്തിലേക്ക് തിരിച്ചുവരുന്നു
അബുദാബി: വൈദ്യശാസ്ത്രത്തിന് തീർത്തും അസാധ്യമെന്ന് ആശങ്കപ്പെട്ട അവസ്ഥ. തുടർച്ചയായ ഹൃദയാഘാതങ്ങളെ തുടർന്ന് പ്രതീക്ഷകൾക്ക് അറുതിയായെന്ന് ഡോക്ടർമാരും കുടുംബവും കരുതിയ നിമിഷങ്ങൾ. അസാധ്യമെന്ന് കരുതിയത് ഒടുവിൽ സാധ്യമാക്കി യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളി അരുൺ കുമാർ എം നായർ രണ്ടാം ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ തുടക്കം മുതൽ അണിനിരന്ന 38കാരനായ അരുൺ കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആറുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് അബോധാവസ്ഥയിൽ നിന്ന് തിരിച്ചെത്തുന്നത്. അത്ഭുതകരമായ അതിജീവനത്തിന് പിന്നാലെ ആശുപത്രി മുറിയിൽ നിന്നിറങ്ങിയ അരുണിനെ സ്വീകരിക്കാനായി സഹപ്രവർത്തകർ ഒരുക്കിയത് വികാരഭരിതമായ വരവേൽപ്പ്.
സ്വന്തം ജീവൻ അപായത്തിലാക്കി യുഎഇയ്ക്ക് വേണ്ടി നടത്തിയ സേവനത്തെയും പോരാട്ട വീര്യത്തെയും ആദരിച്ച് വിപിഎസ് ഹെൽത്ത് കെയർ അരുണിന് 50 ലക്ഷം രൂപ (2.50 ലക്ഷം ദിർഹം) ധനസഹായം പ്രഖ്യാപിച്ചു. ധീരനായ മുന്നണിപ്പോരാളിയുടെ തിരിച്ചുവരവ് ആഘോഷിക്കാനായി വ്യാഴാഴ്ച ബുർജീൽ ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അരുണിൻ്റെ എമിറാത്തി സഹപ്രവർത്തകർ അദ്ദേഹത്തിന് ഈ സ്‍നേഹസമ്മാനം കൈമാറി. കേരളത്തിൽ ആരോഗ്യപ്രവർത്തകയായിരുന്ന അരുണിൻ്റെ ഭാര്യയ്ക്ക് ഗ്രൂപ്പ് ജോലി വാഗ്ദാനം ചെയ്തു. മകൻ്റെ വിദ്യാഭ്യാസ ചെലവും വഹിക്കും.
കൊവിഡിനെതിരായ അരക്കൊല്ലത്തോളം നീണ്ട പോരാട്ടം സൃഷ്ടിച്ച ഗുരുതരമായ സങ്കീർണതകളിലും കൃത്രിമ ശ്വാസകോശത്തിൻ്റെ പിന്തുണയോടെയാണ് അരുൺ ശ്വാസോച്ഛാസം നടത്തുകയും ജീവൻ നിലനിർത്തുകയും ചെയ്തത്. തുടർച്ചയായ ഒന്നിലധികം ഹൃദയാഘാതങ്ങളടക്കം നിരവധി സങ്കീർണതകൾ. ട്രക്കിയോസ്റ്റമി, ബ്രോങ്കോസ്കോപ്പി തുടങ്ങിയ നടപടിക്രമങ്ങൾ. കഠിന വേദനകൾ അതിജീവിച്ചു തിരിച്ചെത്തുമ്പോഴും സഹപ്രവർത്തകരുടെ ഊഷ്മള വരവേൽപ്പിന് സാക്ഷിയായപ്പോൾ അരുണിൻ്റെ മുഖത്തു തെളിഞ്ഞത് സ്നേഹത്തിൻ്റെ യും ആശ്വാസത്തിൻ്റെയും നിറപുഞ്ചിരി.
ദൈവത്തിനും ഡോക്ടർമാർക്കും നന്ദി. അബുദാബി ബുർജീൽ ആശുപത്രിയിലെ മുറിയിലേക്ക് അരുൺ മാറിയിട്ട് ഒരു മാസമേ ആയുള്ളൂ. അഞ്ചുമാസത്തിലേറെക്കാലം ജീവൻരക്ഷാ സംവിധാനത്തിൽ ഐസിയുവിൽ. സംഭവിച്ച കാര്യങ്ങൾ ഓർത്തെടുക്കുമ്പോൾ അരുണിൻ്റെ കണ്ണുകൾ നിറയുന്നു. കൊവിഡ് പോസിറ്റിവ് ആയശേഷം ക്വാറന്റീനിൽ കഴിയുമ്പോൾ അരുൺ ഒരിക്കൽപ്പോലും കരുതിയിരുന്നില്ല, കാത്തിരിക്കുന്നത് മരണത്തെ മുഖാമുഖം കാണുന്ന ദുർഘട പാതയാണെന്ന്. അവ്യക്തമായ ഓർമയിൽ തെളിയുന്ന അവസാന നിമിഷം കടുത്ത ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ട നിമിഷങ്ങൾ മാത്രം. കഴിഞ്ഞ ആറു മാസത്തിൽ നടന്ന പലകാര്യങ്ങളും അർദ്ധബോധാവസ്ഥയിലായിരുന്ന അരുണിന് ഓർത്തെടുക്കാൻ പോലുമാവുന്നില്ല. അലക്ഷ്യവും അവ്യക്തവുമായ കുറച്ചു ചിത്രങ്ങൾ മാത്രമാണ് മനസ്സിൽ. 'മരണ മുനമ്പിൽ നിന്ന് രക്ഷപ്പെട്ടെത്തിയെന്ന് മാത്രം അറിയാം. രണ്ടാം ജീവിതം തന്ന ദൈവത്തിനു നന്ദി'. ഇടറുന്ന ശബ്ദത്തിൽ അരുൺ പറയുന്നു.
'കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും നൂറുകണക്കിന് ആരോഗ്യപ്രവർത്തകരുടെയും പ്രാർത്ഥനയുടെ ശക്തിയായാണ് ഞാൻ ജീവിച്ചിരിക്കുന്നത്. അവരുടെ പിന്തുണയ്ക്കും പരിചരണത്തിനും നന്ദി പറയാൻ വാക്കുകളില്ല. ആശുപത്രിക്കിടക്കയിൽ അസാധാരണ പരിചരണം നൽകിയ ഡോ. താരിഗിനും സംഘത്തിനും നന്ദി. അവരുടെ നിരന്തര പരിശ്രമം ഇല്ലായിരുന്നുവെങ്കിൽ, ഈയൊരു തിരിച്ചുവരവ് അസാധ്യമായേനേ. ഈ പുതിയ ജീവിതത്തിന് ഞാനും കുടുംബവും ബുർജീൽ ആശുപത്രിയോടും ഡോ. താരിഗിനോടും എന്നും കടപ്പെട്ടിരിക്കും,” അരുൺ കൂട്ടിച്ചേർത്തു.
പിന്നിട്ടത് അനിശ്ചിതത്വങ്ങളുടെ അബോധ ദിനങ്ങൾ അബുദാബിയിലെ എൽഎൽഎച്ച് ആശുപത്രിയിൽ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സിൻ്റെ ഭാഗമായി ജോലി ചെയ്യുന്നതിനിടെ 2021 ജൂലൈ പകുതിയോടെയാണ് അരുണിന് കൊവിഡ്-19 ബാധിച്ചത്. 2013 മുതൽ ആശുപത്രിയിൽ ഒ.ടി ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് കേരളത്തിൽ അമ്പലപ്പുഴ സ്വദേശിയായ അരുൺ. കൊവിഡ് വാക്സിന് ട്രെയലിന് യുഎഇ തുടക്കമിട്ടപ്പോൾ ആദ്യഘട്ടത്തിൽ തന്നെ അതിന്റെ ഭാഗമായ വളണ്ടിയർ കൂടിയാണ് അരുൺ.
കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിന് ശേഷം ഡി ഒ എച് പ്രോട്ടോക്കോൾ പ്രകാരം ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറി. എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം കടുത്ത ശ്വാസതടസം നേരിടാൻ തുടങ്ങി. ഉടൻ ആശുപത്രിയിലേക്ക് മാറ്റി, വിശദമായ പരിശോധനയിൽ അരുണിൻ്റെ ശ്വാസകോശത്തിൽ ഗുരുതരമായ അണുബാധ സ്ഥിരീകരിച്ചു. സ്വാഭാവികമായി ശ്വസിക്കാൻ കഴിയാത്തതിനാൽ ജീവൻ നിലനിർത്താനായി കഴിഞ്ഞവർഷം ജൂലൈ 31-ന് ഡോക്ടർമാർ ശ്വാസകോശത്തിൻ്റെ യും ഹൃദയത്തിൻ്റെയും പ്രവർത്തനം കൃത്രിമമായി നിലനിർത്താൻ അരുണിനെ ഇ സി എം ഒ സപ്പോർട്ടിൽ പ്രവേശിപ്പിച്ചു. മാസങ്ങൾക്ക് ശേഷം മാത്രമാണ് ഇതിൽ നിന്ന് പുറത്തുകടക്കാൻ അരുണിന് കഴിഞ്ഞത്.
കൊവിഡ് പോസിറ്റീവ് ആണെന്ന കാര്യം അരുൺ കുടുംബത്തെ അറിയിച്ചിരുന്നില്ല. ജോലിത്തിരക്കുള്ളതിനാൽ വിളിക്കാൻ ആകില്ലെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. 'അരുൺ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സിൻ്റെ ഭാഗമായി പ്രവർത്തിച്ചിരുന്നതിനാൽ ആദ്യം ഞങ്ങൾക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാൽ ആശുപത്രിയിൽ നിന്ന് കോൾ ലഭിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. കുടുംബത്തിൻ്റെ ഏക ആശ്രയമാണ് അരുൺ. അരുണിൻ്റെ മാതാപിതാക്കൾക്കും എനിക്കും വലിയ ഞെട്ടലായിരുന്നു ഈ വിവരം. ഞങ്ങൾ ആകെ തകർന്നു. വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനുമായി പ്രാത്ഥിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ.' നാട്ടിൽ നേരത്തെ നഴ്‌സായി പ്രവർത്തിച്ചിരുന്ന ഭാര്യ ജെന്നി ജോർജ് പറഞ്ഞു.
'ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾ ഒട്ടും ആശ്വാസകരമായിരുന്നില്ല. അരുണിൻ്റെ നില വഷളായിക്കൊണ്ടിരുന്നു. വലിയ സങ്കടത്തിലാണ് ഓരോ ദിവസവും തള്ളിനീക്കിയത്. പുതിയ വീടിൻ്റെ ഗൃഹപ്രവേശനത്തിനായി ഓഗസ്റ്റിൽ അരുൺ ഇന്ത്യയിലേക്ക് വരാനിരിക്കുകയായിരുന്നു. ഒരു വർഷത്തിലേറെയായി കുഞ്ഞിനെ നേരിൽ കണ്ടിട്ട്. മകന് മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോഴാണ് അവസാനം നാട്ടിൽ വന്നു മടങ്ങിയത്"
"ഏറെ ബുദ്ധിമുട്ടായിരുന്നെങ്കിലും വേണ്ടപ്പെട്ടവർക്ക് ആശ്വാസവും കരുത്തുമേകാനായിരുന്നു എൻ്റെ ശ്രമം. വിപിഎസ് മാനേജ്‌മെന്റിൻ്റെയും യുഎഇയിൽ ജോലിചെയ്യുന്ന സഹോദരൻ്റെയും അരുണിൻ്റെ സുഹൃത്തുക്കളുടെയും സഹായത്തോടെ അബുദാബിയിലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു. വിസയും താമസവും കമ്പനി ലഭ്യമാക്കിത്തന്നു." ജെന്നി ഓർക്കുന്നു.
പ്രതികൂലമായി തുടർച്ചയായ ഹൃദയാഘാതങ്ങൾ രണ്ടര വയസ്സുള്ള മകൻ അർജുൻ അരുൺകുമാറിനൊപ്പം അബുദാബിയിൽ എത്തിയ ജെന്നിയെ കാത്തിരുന്നത് കൂടുതൽ പ്രതിസന്ധികൾ.
"ഒരു മാസത്തോളമായി അരുൺ ഐസിയുവിലായിരുന്നു. പുരോഗതിയുടെ ലക്ഷണമൊന്നുമില്ലായിരുന്നു. ഡോക്ടറോട് സംസാരിച്ചപ്പോൾ സാധ്യമായതിൻ്റെ പരമാവധി ചെയ്യുന്നുണ്ടെന്ന് അവർ ആശ്വസിപ്പിച്ചു. അരുൺ ഗുരുതരാവസ്ഥയിലാണെന്ന് അറിയാമായിരുന്നെങ്കിലും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ദേഹമാസകലം ട്യൂബുകൾ ഘടിപ്പിച്ച അവസ്ഥയിൽ ഐ.സി.യു കിടക്കയിൽ അരുണിനെ ആദ്യം കണ്ടപ്പോൾ തകർന്നു പോയി. എന്നാൽ ബുർജീലിലെ മെഡിക്കൽ സംഘവും വിപിഎസ് മാനേജ്മെന്റും അരുണിൻ്റെ സുഹൃത്തുക്കളും വലിയ സഹായമായിരുന്നു. അവർ സമാധാനിപ്പിച്ചു കൊണ്ടിരുന്നു," ജെന്നി പറയുന്നു.
ആ ദിവസങ്ങളിലൊന്നിൽ ജെന്നിക്ക് ആശുപത്രിയിൽ നിന്ന് പരിഭ്രാന്തി നിറഞ്ഞ ഒരു കോൾ വന്നു. 'ബ്രോങ്കോസ്കോപ്പി ചെയ്യുന്നതിനിടെ അരുണിന് ഹൃദയാഘാതമുണ്ടായെന്നാണ് തിടുക്കത്തിൽ വന്ന അറിയിപ്പ്. ജീവൻ രക്ഷിക്കാൻ മെഡിക്കൽ സംഘം പരമാവധി ശ്രമിക്കുന്നതായും എത്രയും വേഗം ആശുപത്രിയിലേക്ക് എത്തണമെന്നുമായിരുന്നു നഴ്‌സിൻ്റെ നിർദ്ദേശം. കുഞ്ഞിനെയുമായി ആശുപത്രിയിൽ എത്തിയപ്പോൾ കണ്ടത് അരുൺ ജീവനുവേണ്ടി മല്ലിടുന്ന കാഴ്ച. ഹൃദയമിടിപ്പ് ഇല്ലാതാവുന്ന രേഖ മോണിറ്ററിൽ കണ്ടപ്പോൾ തളർന്നുപോയി. നഴ്‌സായതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നുണ്ടായിരുന്നു. മറ്റൊന്നും ഓർമയിൽ നിൽക്കുന്നില്ല. എന്നാൽ, പെട്ടെന്ന്, ഡോ. താരിഗും മെഡിക്കൽ സംഘവും എങ്ങനെയോ ജീവൻ്റെ തുടിപ്പ് കണ്ടെത്തി, അരുണിൻ്റെ ജീവൻ നഷ്ടമായിട്ടില്ലെന്ന് അവർ അറിയിച്ചപ്പോഴാണ് ശ്വാസം നേരെയായത്."
ചികിത്സയ്ക്കിടെ പിന്നീടും ഹൃദയാഘാതങ്ങൾ ആവർത്തിച്ചു. അപ്പോഴും മരണത്തോട് മല്ലിട്ട മുന്നണിപ്പോരാളി കീഴടങ്ങാൻ തയ്യാറായിരുന്നില്ല. അരുണിനെപ്പോലൊരു പോരാളിയെ കണ്ടിട്ടില്ല: ഡോ. താരിഗ് "കീഴടങ്ങാൻ കൂട്ടാക്കാത്ത പോരാളിയാണ് അരുൺ . ഇതുപോലൊരാളെ മെഡിക്കൽ കരിയറിൽ കണ്ടിട്ടില്ല," തുടക്കം മുതൽ അരുണിനെ ചികിത്സിച്ച അബുദാബി ബുർജീൽ ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. താരിഗ് അലി മുഹമ്മദ് എൽഹസൻ്റെ അനുഭവസാക്ഷ്യം ഇങ്ങനെ. തുടക്കം മുതൽ സങ്കീർണ്ണതകൾ നിറഞ്ഞതായിരുന്നു അരുണിന്റെ അവസ്ഥയെന്ന് ഡോക്ടർ പറയുന്നു.
"അരുണിൻ്റെ ശ്വാസകോശം തകരാറിലായിരുന്നു. അത് മെച്ചപ്പെടുത്താവുന്ന അവസ്ഥയിൽ ആയിരുന്നില്ല. ECMO മെഷീൻ്റെ പിന്തുണയോടെ മാത്രമായി ശ്വാസോച്ഛാസം. ഇത് ഏകദേശം 118 ദിവസത്തോളം തുടർന്നു. സാധാരണ അവസ്ഥയിൽ, ഒരു തിരിച്ചുവരവ് അസാധ്യമെന്നു തോന്നുന്നത്രയും ദൈർഘ്യവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും. അതുകൊണ്ടാണ് അരുണിന്റെ തിരിച്ചുവരവിൽ ഞങ്ങൾക്ക് അത്ഭുതവും വലിയ സന്തോഷവും. ശരീരം പൂർണ്ണമായും തളർന്നിരിക്കുമ്പോൾ കടുത്ത ഹൃദയാഘാതങ്ങളെ അരുൺ അതിജീവിച്ചു. ആ പോരാട്ടവീര്യമാണ് അരുണിന്റെ അതിജീവനത്തിൽ എടുത്തു പറയേണ്ടത്. മെഡിക്കൽ കരിയറിൽ മറക്കാനാവില്ല ഈ അനുഭവം."
അരുണിൻ്റെ ശ്വാസകോശവും മറ്റ് അവയവങ്ങളും ഇപ്പോൾ പൂർണനിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി. എങ്കിലും ശരീരം ശക്തിപ്രാപിക്കാൻ സമയം എടുത്തേക്കാം. സ്ഥിരമായി ഫിസിയോതെറാപ്പിയും പുനരധിവാസവും തുടരണം. ഇത്രയും പോരാടി മരണമുഖത്തു നിന്ന് പലതവണ തിരിച്ചെത്തിയ അരുണിന് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ജോലിയിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് മെഡിക്കൽ സംഘത്തിന്റെ പ്രതീക്ഷ.
ആശുപത്രി മുറിയിൽ നിന്നിറങ്ങിയ അരുണിനെ കാത്തിരുന്നത് 50 ലക്ഷം രൂപയുടെ സ്നേഹസമ്മാനം ആശുപത്രി മുറി വിട്ട് സഹപ്രവർത്തകർ ഒരുക്കിയ സ്വീകരണത്തിലേക്ക് എത്തിയ അരുൺ ആദ്യം കണ്ടത് തന്റെ മുഖചിത്രം പതിപ്പിച്ച മുഖാവരണമണിഞ്ഞ സഹപ്രവർത്തകരെ. എമിറാത്തികളും ഇന്ത്യക്കാരും ഫിലിപ്പിനോകളും വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ളവരുമായ ആരോഗ്യപ്രവർത്തകർ സ്നേഹത്തോടെയും ആദരവോടെയും അരുണിന്റെ ചിരിക്കുന്ന മുഖം സ്വന്തം മുഖത്തണിഞ്ഞുകൊണ്ട് കയ്യടികളോടെ പ്രിയ സുഹൃത്തിനെ സ്വീകരിച്ചു. ഇത്രയും വലിയ പോരാട്ടം വിജയിച്ച സുഹൃത്തിന്റെ യാതനകൾ ഞങ്ങൾ ഏറ്റെടുക്കുന്നു. മഹാമാരിക്കാലത്ത് ഈ തിരിച്ചുവരവ് ഞങ്ങൾ ഹൃദയത്തിൽ തൊട്ടറിയുന്നുവെന്ന് അവർ പറയാതെ പറഞ്ഞു. അതിലുമേറെ സർപ്രൈസ് ഒരുക്കിയാണ് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിൻ്റെ സ്നേഹസമ്മാനം ചടങ്ങിൽ പ്രഖ്യാപിച്ചത്.
അരുണിനെ പിന്തുണയ്ക്കാൻ 50 ലക്ഷം രൂപയുടെ സഹായവും പ്രഫഷനൽ നഴ്‌സായ ഭാര്യക്ക് ജോലിയും മകന്റെ പഠന ചെലവും ഡോ.ഷംഷീർ പ്രഖ്യാപിച്ചു. യുഎഇയിലെ സേവനത്തിനും പോരാട്ടവീര്യത്തിനും ആദരവേകിയുള്ള ഈ സമ്മാനം അരുണിന് കൈമാറിയത് ഗ്രൂപ്പിലെ എമിറാത്തി ആരോഗ്യപ്രവർത്തകരാണ്. പ്രതിസന്ധിഘട്ടത്തിൽ മുന്നണിയിലിറങ്ങിയ പോരാളിക്കുള്ള നാടിൻ്റെ ആദരവുകൂടിയായി അങ്ങനെ ഈ ഉപഹാരം.
"കോവിഡ് മുന്നണിപ്പോരാളികൾക്കും കുടുംബത്തിനും പൂർണ്ണ പിന്തുണ നൽകാനാണ് തുടക്കം മുതൽ ഞങ്ങളുടെ ശ്രമം. സഹപ്രവർത്തകരെല്ലാം ഇഷ്ടപ്പെടുന്ന, ഒരിക്കൽ ഒപ്പം പ്രവർത്തിച്ചവർക്ക് മറക്കാനാകാത്ത വ്യക്തിത്വമാണ് അരുണിൻ്റെത്. മികച്ച ചികിത്സയും പരിചരണവും തുടർന്നും അരുണിന് ലഭ്യമാക്കും. സമാനതകൾ ഇല്ലാത്ത പോരാട്ടത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന അരുണിന് വേഗത്തിൽ സുഖംപ്രാപിക്കാൻ ആകുമെന്നാണ് പ്രതീക്ഷ. വൈകാതെ ആരോഗ്യം വീണ്ടെടുത്ത് അരുണിന് വിപിഎസ് കുടുംബത്തിനൊപ്പം പ്രവർത്തിക്കാനാകട്ടെ," ഡോ. ഷംഷീർ പറഞ്ഞു.
സൂപ്പർഹീറോയ്ക്ക് മിന്നൽ മുരളിയുടെ സല്യൂട്ട്അരുണിനും കുടുംബത്തിനും അത്ഭുതമായി സ്വീകരണ ചടങ്ങിൽ മറ്റൊരു സൂപ്പർ ഹീറോ കൂടിയുണ്ടായിരുന്നു. വെള്ളിത്തിരയിലെ മിന്നൽ മുരളിയായി പ്രേക്ഷകരുടെ മനംകവർന്ന ചലച്ചിത്രതാരം ടോവിനോ തോമസ്. ലൈവായി ചടങ്ങിൽ പങ്കെടുത്താണ് ടോവിനോ അരുണിന് ആശംസകൾ നേർന്നത്.
"സിനിമയിലേ എനിക്ക് സൂപ്പർ ഹീറോ പവറുള്ളൂ. മഹാമാരിക്കെതിരെ മുന്നണിയിൽ പോരാടുന്ന അരുണിനെപ്പോലുള്ള ദശലക്ഷക്കണക്കിന് മുൻനിര യോദ്ധാക്കളാണ് യഥാർത്ഥ സൂപ്പർഹീറോകൾ. മാരകമായ വൈറസിൽ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള പ്രതിബദ്ധതയ്ക്ക് ലോകവും മനുഷ്യരാശിയും അവരോട് എന്നും കടപ്പെട്ടിരിക്കും. ഷൂട്ടിനിടെ പരിക്ക് പറ്റി രണ്ടു ദിവസം ആശുപത്രിയിൽ കിടന്നപ്പോൾ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞതാണ്. അരുണിൻ്റെ ഈ തിരിച്ചുവരവിന് സഹായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും സല്യൂട്ട്"
കുടുംബത്തോടൊപ്പമുള്ള ഇടവേളയ്ക്കായി അരുൺ ഇന്ത്യയിലേക്ക്ജീവിതത്തിലെ പ്രയാസകരമായ സാഹചര്യത്തിൽ നൽകിയ പിന്തുണയ്ക്കും പരിചരണത്തിനും വിപിഎസ് ഹെൽത്ത്കെയറിനും ബുർജീൽ ആശുപത്രിയിലെ മെഡിക്കൽ സംഘത്തിനും യുഎഇയിലെ സുഹൃത്തുക്കൾക്കുമാണ് അരുണും കുടുംബവും നന്ദി പറയുന്നത്. പ്രതിസന്ധികളിൽ കൈവിടാതെ ഒപ്പംകൂട്ടുന്ന പ്രവാസികളുടെ പ്രിയപ്പെട്ട പോറ്റുനാടായ യുഎഇയോട് പറഞ്ഞാൽ തീരാത്ത കടപ്പാടും. വീണ്ടും പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവന്നു UAE യിൽ മുന്നണി പോരാളിയായി പ്രവർത്തിക്കാൻ ആണ് അരുണിൻ്റെ തീരുമാനം.