അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം: യുഎസ്

വാഷിങ്ടൻ: അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കാണുന്ന ഉഭയകക്ഷി സെനറ്റ് പ്രമേയം പ്രകാരം, മക്മോഹൻ രേഖയെ ചൈനയും അരുണാചൽ പ്രദേശും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയായി അംഗീകരിച്ച് യുഎസ്. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിന് ചൈന ഗുരുതരമായ ഭീഷണികൾ ഉയർത്തുന്ന സാഹചര്യത്തിൽ ഇന്ത്യയുമായി തോളോട് തോൾ ചേർന്ന് നിൽക്കേണ്ടത് അമേരിക്കയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്ന് സെനറ്റർ ബിൽ ഹാഗെർട്ടി പറഞ്ഞു. അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായി അംഗീകരിക്കുന്നതിനുള്ള സെനറ്റിന്‍റെ പിന്തുണയാണ് ഈ ഉഭയകക്ഷി പ്രമേയം വ്യക്തമാക്കുന്നത്. യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ മാറ്റാനുള്ള ചൈനയുടെ സൈനിക ആക്രമണത്തെ തങ്ങൾ അപലപിക്കുന്നു. യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തവും കൂടുതൽ മെച്ചപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് വർഷമായി യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്നുള്ള കിഴക്കൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിലാണ് പ്രമേയം വരുന്നത്. മക്മോഹൻ രേഖ ചൈനയും ഇന്ത്യയും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ആവർത്തിക്കുന്നു. അരുണാചൽ പ്രദേശ് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടേതാണെന്ന അവകാശവാദവും പ്രമേയം നിരാകരിക്കുന്നു. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമായിട്ടാണ് അമേരിക്ക കാണുന്നതെന്നും ചൈനയുടെ ഭാഗമല്ലെന്നും പ്രമേയത്തിൽ പറയുന്നു.

Related Posts