ആര്യ–സച്ചിൻ വിവാഹം സെപ്റ്റംബർ 4ന് എ കെ ജി സെന്ററിൽ നടക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവും സെപ്റ്റംബർ നാലിന് വിവാഹിതരാകും. രാവിലെ 11 മണിക്ക് എ കെ ജി ഹാളിലാണ് വിവാഹം. എസ് എഫ് ഐ പ്രവർത്തകരായി തുടങ്ങിയ ബന്ധമാണ് ഇരുവർക്കുമിടയിൽ പുതിയൊരു ജീവിതത്തിന് വഴിയൊരുക്കിയത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് കുടുംബാംഗങ്ങൾക്കും പാർട്ടി നേതാക്കൾക്കുമൊപ്പം ഇരുവരും വിവാഹ നിശ്ചയം നടത്തിയത്. സി പി എമ്മി ന്‍റെ യുവതലമുറയുടെ പ്രതീക്ഷയായ ഇരുവരും തമ്മിലുള്ള വിവാഹം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി. സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ക്ഷണക്കത്ത് തയ്യാറാക്കിയത്. ആർഭാടവും പ്രകടനവും ഇല്ലാത്ത ക്ഷണക്കത്തിൽ സച്ചിനെയും ആര്യയെയും പാർട്ടി ഭാരവാഹികളായി പരിചയപ്പെടുത്തുന്നു.