21 വയസിൽ അമ്മയായി, ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞപ്പോൾ പിടിച്ചു നിർത്തിയത് ഇവളാണ്; മകളുടെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി ആര്യ
ടെലിവിഷനിലും സീരിയലിലും ഒരുപോലെ ശ്രദ്ധേയയായ സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ആര്യ. ഇപ്പോൾ പത്ത് വർഷങ്ങൾക്ക് മുൻപ് തന്റെ ജീവിതം മാറ്റിമറിച്ച ദിവസത്തെക്കുറിച്ച് പറയുകയാണ് താരം. മകൾ റോയയുടെ പത്താം പിറന്നാളിനാണ് കുറിപ്പുമായി താരം എത്തിയത്. 21 വയസിൽ താൻ അമ്മയായപ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ഭയമുണ്ടായിരുന്നെന്നും മാതൃത്വത്തെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല എന്നുമാണ് ആര്യ കുറിച്ചത്. ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിച്ച ഒരുപാട് നിമിഷങ്ങൾ ജീവിതത്തിലുണ്ടായിരുന്നെന്നും അന്ന് തന്നെ മുന്നോട്ട് നയിച്ചതും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ പ്രേരിപ്പിച്ചതും തന്റെ കുഞ്ഞാണെന്നും മകൾക്ക് മനോഹരമായ ജീവിതം നൽകാൻ താൻ ശ്രമിക്കുമെന്നും ആര്യ പറഞ്ഞു.
ആര്യയുടെ കുറിപ്പ്
'ഈ ദിവസം അവസാനിക്കുമ്പോൾ എനിക്ക് കുറച്ചധികം കാര്യം പറയാനുണ്ട്. 18 ഫെബ്രുവരി 2012...എന്റെ ജീവിതം മാറ്റിമറിച്ച ദിവസം. 21 വയസിൽ ഞാൻ അമ്മയായപ്പോൾ മാതൃത്വത്തെക്കുറിച്ച് ഒരു ധാരണയും എനിക്കുണ്ടായിരുന്നില്ല. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ഭയമുണ്ടായിരുന്നു. പക്ഷേ...ഈ ജീവിതത്തിൽ എനിക്ക് സംഭവിച്ചേക്കാവുന്ന ഏറ്റവും അത്ഭുതകരമായ കാര്യം ഞാൻ കണ്ടെത്തി. ഇന്ന് അവൾക്ക് പത്ത് വയസായി..പത്ത് വർഷം..എന്റെ കുഞ്ഞ് ഇപ്പോൾ ഒരു മുതിർന്ന പെൺകുട്ടിയാണെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ല, കൂടുതൽ വിവേകവും പക്വതയുമുള്ള അമ്മയായി അല്ലെങ്കിൽ ഒരു വ്യക്തിയായി ഞാൻ വളർന്നു. അതിന് പിന്നിലെ ഒരേയൊരു കാരണം അവളാണ്..
ഈ പത്ത് വർഷത്തിനുള്ളിൽ അവളൊരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഒരുപാട് കണ്ടിട്ടുണ്ട്. കഠിനമായ സാഹചര്യങ്ങളിലൂടെ ഞാൻ കടന്നു പോയപ്പോൾ എനിക്കൊപ്പം അവളുണ്ടായിരുന്നു. ഇതെല്ലാം പറയുന്നത് എന്റെ ഹൃദയത്തിൽ നിന്നാണ്. ഈ പത്ത് വയസുള്ള മികച്ച മനുഷ്യനാണ് എന്റെ കരുത്ത്...അതേ അവളാണ് എന്റെ കരുത്ത്. ഈ പത്തുവർഷത്തെ കാലയളവിലേക്ക് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, എന്റെ ജീവിതം ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിച്ച നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു. എനിക്ക് എല്ലാം അവസാനിപ്പിച്ചാൽ മതിയായിരുന്നു. പക്ഷെ എന്നെ മുന്നോട്ട് നയിച്ചതും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ എന്നെ പ്രേരിപ്പിച്ചതും എന്റെ ഈ കുഞ്ഞാണ്. അവളുടെ മുഖം, ചിരി, എന്നോടുള്ള സ്നേഹം, കരുതൽ...അവൾക്ക് വേണ്ടിയാണ് ഞാൻ എന്നെ ജീവനോടെ നിലനിർത്തിയത്. അതുകൊണ്ട് എല്ലാ അർത്ഥത്തിലും അവളെന്റെ ജീവനാണ്. മാത്രമല്ല ഞാനെന്റെ ജീവനെ ഒരുപാട് സ്നേഹിക്കുന്നു.
എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിന് നന്ദി കുഞ്ഞേ. എന്റെ എല്ലാമായി മാറിയതിന് നന്ദി. നിനക്ക് മനോഹരമായ ഒരു ജീവിതം നൽകാൻ ഞാൻ പരമാവധി ശ്രമിക്കുമെന്നും എന്തുതന്നെയായാലും എപ്പോഴും നിന്നോടൊപ്പമുണ്ടാകുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു.. ജന്മദിനാശംസകൾ.. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ പത്ത് വർഷങ്ങൾ ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സന്തോഷത്തിന്റെ ഭാഗമായതിനും ഞങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നതിനും എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞാൻ നന്ദി പറയുന്നു...'