കലാസ്വാദനം പഠിപ്പിക്കാന്‍ അസാപ്പും അമ്യൂസിയവും കൈകോര്‍ക്കുന്നു

നൈപുണ്യ പരിശീലന ഏജന്‍സിയായ അസാപ് കേരളയും അമ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന് നടത്തുന്ന ആര്‍ട് അപ്രീസിയേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ചരിത്രാതീത ചിത്രങ്ങള്‍ മുതല്‍ മോഡേണ്‍ ആര്‍ട്ട് വരെയുള്ള ദൃശ്യകലകളെ ആഴത്തില്‍ മനസ്സിലാക്കുന്നതിനും ദുര്‍ഗ്രാഹ്യമെന്ന് കരുതിപ്പോരുന്ന ചിത്ര-ശില്‍പങ്ങളെ അനായാസമായി വായിച്ചെടുക്കേണ്ട രീതികളെ അറിയുവാനും ഈ കോഴ്‌സിലൂടെ കഴിയും. വീഡിയോകള്‍, സ്ലൈഡുകള്‍ തുടങ്ങിയവയിലൂടെ പ്രമുഖമായി കണക്കാക്കപ്പെടുന്ന ചിത്ര- ശില്പങ്ങളെ അവതരിപ്പിച്ചാണ് പരിശീലനം. ശില്‍പ, ചിത്ര, കലാചരിത്ര മേഖലകളിലെ പ്രമുഖരാണ് കോഴ്‌സ് നയിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ക്ലാസുകള്‍ ഉണ്ടായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 7 മണി മുതല്‍ 8.30 വരെ ഓണ്‍ലൈനായാണ് ക്ലാസ്സുകള്‍. 3 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ചിത്രകല, ഡിസൈന്‍, ആര്‍ക്കിടെക്ചര്‍, അനിമേഷന്‍ തുടങ്ങിയ പഠനമേഖലകളില്‍ ഈ കോഴ്‌സ് സഹായകമാകും. ഗ്യാലറി, മ്യൂസിയം സന്ദര്‍ശനങ്ങള്‍, സാഹിത്യ- കലാസംബന്ധമായ രചനകള്‍, പഠനങ്ങള്‍, റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്കും അടിസ്ഥാന കലാപരിചയം മുതല്‍ക്കൂട്ടായിരിക്കും. 4000 രൂപയാണ് കോഴ്‌സ് ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് 1500 രൂപ. ആഗസ്റ്റ് 25 ന് ആരംഭിക്കുന്ന ആദ്യ ബാച്ചിലേക്ക് ആഗസ്റ്റ് 15 ന് മുന്‍പ് അസാപ് കേരളയുടെ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ലിങ്ക്: https://asapkerala.gov.in/course/introduction-to-art-appreciation-course/. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 8589061461.

Related Posts