ആശിഷ് മിശ്ര ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയത് പിൻവാതിൽ വഴി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നില്‍ ഹാജരായി. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിന്‍വശത്തെ ഗേറ്റ് വഴിയാണ് ആശിഷ് മിശ്ര ലഖിംപൂരിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്.
ആശിഷ് മിശ്രയ്‌ക്കെതിരെ കൊലപാതകമടക്കം എട്ട് കുറ്റങ്ങളാണ് ഉള്ളത്.കാർഷിക നിയമങ്ങൾക്കെതിരെ നടന്ന കർഷകരുടെ പ്രതിഷേധത്തിനിടയിലേക്കാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയത്.
നാല് കർഷകരുൾപ്പെടെ എട്ടുപേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നിരുന്നു. കർഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളിൽ മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആശിഷ് മിശ്ര കർഷകർക്ക് നേരെ വെടിയുതിർത്തതായും എഫ്.ഐ.ആറിൽ പറയുന്നു. കർഷകർക്കെതിരെ നടന്ന ആക്രമണം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.
ആശിഷ് മിശ്രയെ ചോദ്യം ചെയ്യാനായി ഡിഐജി ഉപേന്ദ്ര അഗര്‍വാള്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു. കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചോദ്യം ചെയ്യലിന് ശേഷം ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യുമെന്നാണ് ഉന്നത പോലീസ് വൃന്ദങ്ങൾ സൂചിപ്പിക്കുന്നത് .