അശോകൻ ചരുവിലിൻ്റെ കെ-റെയിൽ പ്രേമം സമനില തെറ്റുന്ന നിലയിലായി; പരിഹാസ പോസ്റ്റുമായി പി ജെ ബേബി

പ്രമുഖ കഥാകൃത്തും ഇടത് സഹയാത്രികനുമായ അശോകൻ ചരുവിലിൻ്റെ കെ- റെയിൽ പ്രേമം സമനില തെറ്റുന്ന നിലയിലായെന്ന് ഇടത് നിരീക്ഷകനും എഴുത്തുകാരനുമായ പി ജെ ബേബി. കെ റെയിലിനെ എതിർക്കുന്നവർ പഴയ പലക്ക് യാത്ര ആഗ്രഹിക്കുന്നവരാണ് എന്നാണ് അശോകൻ ചരുവിലിൻ്റെ പുതിയ വെളിപാടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ജപ്പാൻ്റെ അറുപതുകളിലെ ആക്രിയാണ് കെ റെയിലിൻ്റെ പേരിൽ കേരളത്തിൽ എത്താനിരിക്കുന്നത്. ലോകത്ത് എത്ര രാജ്യങ്ങളിൽ ഈ ആക്രി ഉപയോഗിക്കുന്നുണ്ടെന്ന് ബേബി ചോദിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി ഇമ്മാതിരി ജല്പനങ്ങൾ നടത്തിയിട്ടും പു ക സ അണികൾക്ക് ഒന്നും തോന്നുന്നില്ലേ എന്ന് അദ്ദേഹം പരിഹസിച്ചു.
1917 മുതൽ 1990 വരെ സോവിയറ്റ് യൂണിയൻ നിലനിന്നിരുന്നു. അവർ ജപ്പാന്റെ അന്നത്തെ സെമിഹൈ സ്പീഡ് നടപ്പാക്കിയിരുന്നില്ല. ജപ്പാൻ്റെ അന്നത്തെ സെമിഹൈ സ്പീഡാണ് ഇന്നത്തെ കെ റെയിൽ ആക്രിയെന്ന് ബേബി പരിഹസിച്ചു. സോവിയറ്റു യൂണിയനും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും തകർന്നത് ജപ്പാന്റെ ആക്രി റെയിൽ നടപ്പാക്കാത്തതു കൊണ്ടാണ് എന്ന അശോകന്റെ പുതിയ വെളിപാടിനായി കാത്തിരിക്കുന്നു എന്ന വാക്കുകളോടെയാണ് പി ജെ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.