ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ തീരുമാനം, അഫ്ഗാനിസ്താനിൽ നിന്നുള്ള പലായനത്തെപ്പറ്റി അഷ്റഫ് ഗനി
താലിബാൻ സൈന്യം തലസ്ഥാനമായ കാബൂൾ വളഞ്ഞപ്പോൾ രാജ്യം വിട്ടതിനെ ന്യായീകരിച്ച് അഫ്ഗാനിസ്താൻ മുൻ പ്രസിഡൻ്റ് മുഹമ്മദ് അഷ്റഫ് ഗനി. രാജ്യം വിടാനുള്ള തീരുമാനം ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാര്യമായിരുന്നു എന്ന് ഗനി പറഞ്ഞു. പ്രസിഡൻ്റിൻ്റെ കൊട്ടാര സുരക്ഷാ വിഭാഗത്തിൻ്റെ നിർദേശ പ്രകാരമാണ് ബുദ്ധിമുട്ടേറിയ ആ തീരുമാനത്തിലെത്തിയത്. പുതിയ താലിബാൻ സർക്കാരിനെപ്പറ്റി മുൻ പ്രസിഡൻ്റ് മൗനം പാലിച്ചു. അതേപ്പറ്റി ഒരു വാക്കു പോലും അദ്ദേഹം പറഞ്ഞില്ല.
ദശലക്ഷക്കണക്കിന് ഡോളറുമായാണ് കടന്നുകളഞ്ഞത് എന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. അത്തരം ആരോപണങ്ങൾ തീർത്തും തെറ്റാണ്. അടിസ്ഥാന രഹിതമാണ്. ഇക്കാര്യത്തിൽ ഐക്യരാഷ്ട്ര സഭയുടേതടക്കം ഏത് അന്വേഷണത്തേയും നേരിടാൻ താൻ തയ്യാറാണ്.
നാല് കാറുകളിൽ കുത്തിനിറച്ച പണവുമായാണ് പ്രസിഡൻ്റ് രാജ്യം വിട്ടത് എന്ന തരത്തിലുളള ആരോപണങ്ങൾ ഉയർന്നിരുന്നു. പലായന സമയത്ത് പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്റ്ററിൽ നിറയെ പണമായിരുന്നു എന്നും വാർത്തകൾ വന്നിരുന്നു.
അഫ്ഗാൻ ജനതയോടുള്ള പ്രതിബദ്ധതയ്ക്ക് അവസാനമില്ലെന്നും അതാണ് തൻ്റെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നതെന്നും അഷ്റഫ് ഗനി പറഞ്ഞു.