അഷ്റഫ് ഗനി രാജ്യം വിട്ടത് ദശലക്ഷക്കണക്കിന് ഡോളറുമായി, ആരോപണം ആന്വേഷിക്കാൻ അമേരിക്ക
അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡൻ്റ് അഷ്റഫ് ഗനി രാജ്യം വിട്ടത് ദശലക്ഷക്കണക്കിന് ഡോളറുമായാണ് എന്ന ആരോപണങ്ങളിൽ അന്വേഷണത്തിനൊരുങ്ങി അമേരിക്ക. അഫ്ഗാൻ പുനർനിർമാണത്തിന്റെ സ്പെഷ്യൽ ഇൻസ്പെക്ടർ ജനറൽ ആയ ജോൺ സോപ്കോ ആണ് ഇതു സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്.
ആരോപണങ്ങൾ തെളിയിക്കാനായിട്ടില്ലെന്നും അതു സംബന്ധിച്ച അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും സോപ്കോ വെളിപ്പെടുത്തി. ഓവർസൈറ്റ് ആൻ്റ് ഗവൺമെൻ്റ് റിഫോം കമ്മിറ്റി ഇക്കാര്യത്തിൽ വിശദമായ അന്വേഷണത്തിന് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജനപ്രതിനിധിസഭാ സമിതിക്കു നൽകിയ വിശദീകരണത്തിൽ സോപ്കോ പറഞ്ഞു.
ആഗസ്റ്റിൽ താലിബാൻ സേന കാബൂളിന്റെ പ്രാന്ത പ്രദേശങ്ങളിൽ പ്രവേശിച്ചപ്പോൾ തന്നെ അഫ്ഗാനിസ്താൻ പ്രസിഡൻ്റ് അഷ്റഫ് ഗനി രാജ്യത്തുനിന്ന് കടന്നു കളഞ്ഞിരുന്നു. പോകുന്ന പോക്കിൽ ദശലക്ഷക്കിന് ഡോളർ രാജ്യത്തുനിന്നു കടത്തിക്കൊണ്ടു പോയെന്നാണ് അദ്ദേഹത്തിനെതിരെ വ്യാപകമായി ഉയർന്നുവന്ന വിമർശനം. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് ഗനിയുടെ നിലപാട്.