ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് പാകിസ്ഥാനിൽ; ഇന്ത്യ മറ്റൊരു രാജ്യത്ത് കളിക്കും
ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് പാക്കിസ്ഥാനിൽ തന്നെ നടക്കാൻ സാധ്യത. എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ടൂർണമെന്‍റ് പാക്കിസ്ഥാനിലാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്തായിരിക്കും നടക്കുക എന്നും റിപ്പോർട്ടിലുണ്ട്. നിഷ്പക്ഷ വേദികളിലല്ലാതെ അന്താരാഷ്ട്ര ടൂർണമെന്‍റുകളിൽ ഇന്ത്യയും പാക്കിസ്ഥാനും വർഷങ്ങളായി ഏറ്റുമുട്ടിയിട്ടില്ല. ഇതിനിടെയാണ് ഈ വർഷം ഏഷ്യാ കപ്പ് നടത്താൻ പാക്കിസ്ഥാന് അനുവാദം നൽകിയ തീരുമാനത്തെ ഇന്ത്യ എതിർത്തത്. ഇന്ത്യൻ ടീമിന് പാക്കിസ്ഥാനിലേക്ക് പോകാൻ കഴിയില്ലെന്നും അതിനാൽ ഏഷ്യാ കപ്പ് മറ്റൊരു രാജ്യത്ത് നടത്തണമെന്നും ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യ ഏഷ്യാ കപ്പ് കളിച്ചില്ലെങ്കിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ നിന്ന് പിൻമാറുമെന്ന് പാക്കിസ്ഥാൻ അധികൃതർ അറിയിച്ചു. ഇതോടെ ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് അസോസിയേഷനുകൾ തമ്മിലുള്ള ബന്ധം വഷളായി. എന്നാൽ, ഒരിടവേളയ്ക്ക് ശേഷം പ്രശ്നം പരിഹരിക്കാൻ ഇരുപക്ഷവും സഹകരിക്കുന്നുണ്ടെന്നാണ് വിവരം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇരു ക്രിക്കറ്റ് ബോർഡുകളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഈ ചർച്ചയിലാണ് ഏഷ്യാ കപ്പ് പാക്കിസ്ഥാനിൽ തന്നെ നടത്താൻ തീരുമാനിച്ചത്. അതേസമയം, ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്ക് പോകില്ല. പകരം യുഎഇ, ശ്രീലങ്ക, ഒമാൻ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിലായിരിക്കും ഇന്ത്യയുടെ മത്സരങ്ങൾ നടക്കുക. ഇന്ത്യ-പാകിസ്ഥാൻ മത്സരവും ഇതിൽ ഉൾപ്പെടും. ഇന്ത്യ ഫൈനലിലെത്തിയാൽ ഫൈനലും പാക്കിസ്ഥാനിൽ നിന്ന് മാറ്റും.